ജപ്പാനില്‍ ഭൂകമ്പം, 7.1 തീവ്രത; ദ്വീപുകളില്‍ സുനാമി മുന്നറിയിപ്പ്

ജപ്പാനില്‍ ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ്. തെക്കൻ തീരപ്രദേശമായ മിയാസാക്കിയിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്. റിക്ടർ സ്കെയിലില്‍ 7.1 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക സമയം വൈകുന്നേരം 4.42നാണ് ഭുകമ്പമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സർവെ (യുഎസ്‌ജിഎസ്) വ്യക്തമാക്കി.

ജപ്പാൻ മെറ്റീരിയോളജിക്കല്‍ ഏജൻസി പ്രാഥമിക ഘട്ടത്തില്‍ 6.9 തീവ്രത ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. ജപ്പാനിലെ തെക്കൻ ദ്വീപായ ക്യുഷുവിന്റെ കിഴക്കൻ തീരത്ത് ഏകദേശം 30 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. ഇതേതുടർന്ന് ക്യുഷു ദ്വീപിലും അടുത്തുള്ള മറ്റൊരു ദ്വീപായ ഷികോക്കൂവിലും ഒരു മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകളുണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്.

12.5 കോടി ജനസംഖ്യയുള്ള ജപ്പാനില്‍ പ്രതിവർഷം 1,500 ഭൂകമ്പങ്ങളാണ് റിപ്പോർട്ട് ചെയ്യുവന്നത്. ഇതില്‍ കൂടുതല്‍ തീവ്രത കുറഞ്ഞതാണ്. ഭൂകമ്പം സംഭവിക്കുന്ന പ്രദേശത്തിന്റെ ഭൂപ്രകൃതിയനുസരിച്ചായിരിക്കും ആഘാതത്തിന്റെ തോത്.

കഴിഞ്ഞ ജനുവരിയിലായിരുന്നു ജപ്പാനില്‍ കൂടുതല്‍ മരണങ്ങള്‍ക്കിടയാക്കിയ വലിയ ഭുകമ്പമുണ്ടായത്. 260 മരണമായിരുന്നു അന്ന് സംഭവിച്ചത്. നിരവധി കെട്ടിടങ്ങളും മറ്റും തകർന്നിരുന്നു. 2011 മാർച്ചിലായിരുന്നു ജപ്പാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂകമ്പമുണ്ടായത്. 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 18,500 ഓളം പേരാണ് മരിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*