ചൈനയില്‍ നാശം വിതച്ച് ഭൂകമ്പം, 111 മരണം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

വടക്കുപടിഞ്ഞാറന്‍ ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകർന്ന് 111 പേർ മരിച്ചു. ഇരുനൂറിലധികം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. യുഎസ് ജിയോളജിക്കല്‍ സർവെ നല്‍കുന്ന വിവരപ്രകാരം 6.2 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗാന്‍സു പ്രവിശ്യയുടെ തലസ്ഥാനമായ ലാന്‍സൊയില്‍ നിന്ന് 100 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം.

ഗാന്‍സു പ്രവശ്യയില്‍ മാത്രം 100 പേരാണ് മരിച്ചത്. ഹൈഡോങ്ങില്‍ 10 പേരും മരിച്ചതായാണ് ചൈനീസ് മാധ്യമമായ സിസിടിവി റിപ്പോർട്ട് ചെയ്യുന്നത്. നിരവധി കെട്ടിടങ്ങള്‍ തകർന്നതുള്‍പ്പടെ വന്‍ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് വിവരം.

ദുരന്തം സംഭവിച്ച മേഖലയില്‍ രക്ഷാപ്രവർത്തനം തുടരുകയാണ്. ആളുകളെ തിരയുന്നതിനും ദുരിതാശ്വാസത്തിനുമായി എല്ലാവിധ പരിശ്രമങ്ങളും നടത്തണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നിർദേശിച്ചു. വടക്കന്‍ ഷാന്‍സി പ്രവശ്യയിലെ ഷിയാനിലും ഭൂചലനം ഉണ്ടായതായി ഷിന്‍ഹുവ ന്യൂസ് ഏജന്‍സി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 6.1 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂകമ്പത്തെ തുടർന്ന് പല ഗ്രാമങ്ങളിലേക്കുമുള്ള ജല-വൈദ്യുതി വിതരണം മുടങ്ങിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*