തണുപ്പ് കാലത്ത് ചുണ്ടുകൾ വരണ്ടു പൊട്ടാതെ സംരക്ഷിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തണുപ്പ് കാലത്ത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. ശരീരത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ചുണ്ടുകളിലെ ചർമ്മം വളരെ നേർത്തതാണ്. കൂടാതെ ചുണ്ടുകൾക്ക് ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന ഗ്രന്ധികളില്ലാത്തതിനാൽ നനവ് നിലനിർത്താനുള്ള വഴിയുമില്ല. അതിനാൽ തണുപ്പ് കാലമായാൽ ചുണ്ടുകൾ വരണ്ടതും വിണ്ടുകീറിയതും പരുക്കനും തൊലിയുരിഞ്ഞതുമായി കാണപ്പെടുന്നു. ഈ പ്രശ്‍നം പരിഹരിക്കാൻ വിപണിയിൽ ലഭിക്കുന്ന രാസവസ്‌തുക്കൾ അടങ്ങിയ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ് മിക്കവരും. എന്നാൽ ഇത്തരം വസ്‌തുക്കളുടെ ഉപയോഗം താൽക്കാലിക ആശ്വാസം നൽകുമെങ്കിലും കാലക്രമേണ ചുണ്ടുകളുടെ മൃദുലതയും നിറവും നഷ്‌ടപ്പെടാൻ ഇടയാകും.

ശൈത്യകാലത്ത് ചുണ്ടുകളുടെ പ്രശ്‌നങ്ങൾ വർദ്ധിക്കുന്നതിന്‍റെ കാരണങ്ങൾ

ചുണ്ടുകളുടെ ചർമ്മം വളരെ നേർത്തതും സെൻസിറ്റിവുമാണെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ ആശ സക്ലാനി പറയുന്നു. അന്തരീക്ഷത്തിലെ ചൂട്, മലിനീകരണം, തണുപ്പ്, ഈർപ്പമുള്ള വായൂ എന്നിവയുമായി ചുണ്ടുകൾക്ക് നിരന്തരം നേരിട്ട് സമ്പർക്കം പുലർത്തേണ്ടി വരും. ഇത് പലതരത്തിലുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകും. തണുപ്പ് കാലമായാൽ അന്തരീക്ഷത്തിലെ ഈർപ്പം കുറവായിരിക്കും. ഇത് ചുണ്ടുകൾ വരണ്ടതാക്കാൻ ഇടയാക്കും. തണുപ്പ് കാലത്ത് വെള്ളം കുടിയും വളരെ കുറവായിരിക്കും. ഇത് നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കും. വരണ്ട ചുണ്ടുകളിൽ ഈർപ്പം നിലനിർത്തുന്നതിനും അസ്വസ്ഥതകൾ തടയാനും ഇടയ്ക്കിടെ ഉമിനീരുകൊണ്ട് നനയ്ക്കുന്നവർ നിരവധിയാണ്. എന്നാൽ ഈ ശീലവും ചുണ്ടുകളെ കൂടുതൽ വരണ്ടതാക്കാൻ കാരണമാകും.

ശൈത്യകാലത്ത് ചുണ്ടുകൾ എങ്ങനെ പരിചരിക്കാം

ശൈത്യകാലത്ത് ചുണ്ടുകൾക്ക് പ്രത്യേകം പരിചരണം ആവശ്യമാണെന്ന് ഡോ ആശ സ്ക്ലാനി പറയുന്നു. ശരിയായ രീതിയിലുള്ള പരിചരണത്തിലൂടെ ചുണ്ടുകൾ സുന്ദരവും മൃദുവുമായി നിലനിർത്താൻ കഴിയും. കൂടാതെ മറ്റ് പ്രശ്‌നങ്ങൾ ചെറുക്കനും ഇത് ഗുണം ചെയ്യും. അതിനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.
  • ചുണ്ടുകൾ ഈർപ്പത്തോടെ നിലനിർത്താം. അതിനായി പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്.
  • നാവുകൊണ്ട് ചുണ്ടുകൾ നനയ്ക്കുന്ന ശീലം ഒഴിവാക്കുക
  • ധാരാളം വെള്ളം കുടിക്കുക
  • ചുണ്ടുകൾ പതിവായി സ്‌ക്രബ് ചെയ്യാം. അതിനായി തേൻ, പഞ്ചസാര എന്നിവ ഉപയോഗിക്കാം
  • രാത്രി ഉറങ്ങുന്നതിനു മുമ്പ് വെളിച്ചെണ്ണ, വെണ്ണ, കറ്റാർവാഴ ജെൽ ഇവയിൽ ഏതെങ്കിലും ചുണ്ടിൽ പുരട്ടുക
  • വിറ്റാമിൻ സി, ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

Be the first to comment

Leave a Reply

Your email address will not be published.


*