വിശക്കുമ്പോഴല്ല, സമയത്ത് കഴിക്കണം; ഹൃദ്രോ​ഗത്തെ അകറ്റി നിർത്താം

വിശക്കുമ്പോഴല്ലേ ഭക്ഷണം കഴിക്കേണ്ടത് എന്നാണ് പലരുടെയും പൊതുധാരണ. എന്നാൽ അങ്ങനെ അല്ല. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ കഴിക്കുന്നതിന് അനുയോജ്യമായ സമയം അടിസ്ഥാനമാക്കി ശരീരത്തിൽ പ്രവർത്തിക്കുന്ന സ്വഭാവിക ക്ലോക്ക് ആണ് സർക്കാഡിയൻ റിഥം. ഇത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. നേരം തെറ്റി ഭക്ഷണം കഴിച്ചാൽ സർക്കാഡിയൻ റിഥം തെറ്റുകയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് സ്പെയ്നിലെ ബാർസലോണ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തും ഫ്രാൻസിലെ സെന്റർ ഓഫ് റിസർച്ച് ഇൻ എപ്പിഡെമോളജി ആൻഡ് സ്റ്റാറ്റിസ്റ്റിക്സും ചേർന്ന് നടത്തിയ പഠനത്തിൽ പറയുന്നു.

പ്രഭാത ഭക്ഷണം രാവിലെ എട്ട് മണിയോടെയും രാത്രി ഭക്ഷണം ഒൻപതു മണിക്കുള്ളിലും കഴിക്കുന്നതാണ് നല്ലത്. പ്രഭാതഭക്ഷണത്തിന്റെയും അത്താഴത്തിന്റെയും സമയം വൈകിക്കുന്നത് വർധിച്ച ഹൃദ്രോഗസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകർ നിരീക്ഷിച്ചു. ശരാശരി 42 വയസ് പ്രായമുള്ള 1,03,389 പേരിൽ ഏഴ് വർഷത്തോളമാണ് പഠനം നടത്തിയത്. പഠനസമയത്ത് ഇതിൽ 2036 പേർക്ക് ഹൃദ്രോഗം ബാധിക്കപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ ഒരാൾ എത്ര തവണ കഴിച്ചുവെന്നതും എപ്പോൾ കഴിച്ചുവെന്നതിന്റെയും അടിസ്ഥാനത്തിലായിരുന്നു പഠനം. പഠനത്തിൽ രാവിലെ ഭക്ഷണം കഴിക്കാൻ വൈകുന്ന ഓരോ മണിക്കൂറും ഹൃദ്രോഗ സാധ്യത ആറ് ശതമാനം വച്ച് വർധിച്ചു കൊണ്ടിരിക്കുമെന്ന് കണ്ടെത്തി.

രാത്രിയിലെ ഭക്ഷണം ഒൻപത് മണിക്ക് ശേഷം കഴിക്കുന്നവരിൽ എട്ട് മണിക്ക് മുൻപ് ഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത 28 ശതമാനം അധികമാണെന്നും ഗവേഷകർ പറയുന്നു. നേരത്തെ ഭക്ഷണം കഴിച്ച് രാത്രി മുഴുവനുള്ള ഉപവാസത്തിന്റെ നേരം ഓരോ മണിക്കൂർ വർധിക്കുന്നതും ഹൃദ്രോഗ സാധ്യത ഏഴ് ശതമാനം വച്ച് കുറയ്ക്കുന്നതായും പഠന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. അത് കൊണ്ട് സമയത്ത് ആഹാരം കഴിച്ചു ഹൃദയത്തെ സംരക്ഷിക്കാം.

 

Be the first to comment

Leave a Reply

Your email address will not be published.


*