കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസ് പ്രത്യേക കോടതി പരിഗണിച്ചശേഷം കുറ്റാരോപിതരെ അതേ നിയമത്തിലെ 19-ാം വകുപ്പ് ഉപയോഗിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)ന് അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. പ്രതിയെ കസ്റ്റഡിയില്‍ വേണമെങ്കില്‍ ഇ ഡി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
”കള്ളപ്പണ നിരോധന നിയമ(പിഎംഎല്‍എ)ത്തിലെ 44-ാം വകുപ്പ് പ്രകാരമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ നാലാം വകുപ്പില്‍ പറയുന്ന ശിക്ഷാര്‍ഹമായ കുറ്റകൃത്യം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടശേഷം, കുറ്റാരോപിതരെ 19-ാം വകുപ്പ് ഉപയോഗിച്ച് അറസ്റ്റ് അധികാരം വിനിയോഗിക്കാന്‍ ഇ ഡിക്കും ഉദ്യോഗസ്ഥര്‍ക്കും അധികാരമില്ല. സമന്‍സ് ലഭിച്ചതിനെത്തുടര്‍ന്ന് ഹാജരാകുന്ന കുറ്റാരോപിതരെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കസ്റ്റഡിയില്‍ വേണമെങ്കില്‍ ഇ ഡി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി അനുമതി തേടണം. കുറ്റാരോപിതരുടെ കൂടി വാദം കേട്ടശേഷമായിരിക്കണം ഇ ഡിയുടെ ഹര്‍ജിയില്‍ പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിക്കേണ്ടത്. 19-ാം വകുപ്പ് പ്രകാരം പ്രതിയെ മുന്‍പ് അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ അത് അനുവദിക്കാവൂ,” ജസ്റ്റിസുമാരായ അഭയ് എസ് ഓകയും ഉജ്ജല്‍ ഭുയാനും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി..
Be the first to comment