മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം : സൗബിന് നോട്ടീസ്

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരെ കേസിൽ ചോദ്യം ചെയ്യും.

കഴിഞ്ഞ ആഴ്ചയാണ് കേസിൽ ഇസിഐആർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് രജിസ്റ്റർ ചെയ്തത്. നേരത്തെ നിർമാതാക്കള്‍ക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇവർ ഹാജരായിരുന്നില്ല.

മൂന്ന് പേർക്കും ചോദ്യം ചെയ്യലിന് വേണ്ടി വീണ്ടും നോട്ടീസ് നൽകും. നേരത്തെ നിർമാതാക്കൾ വഞ്ചിച്ചെന്ന് കാണിച്ച് ആലുവ സ്വദേശിയായ സിറാജ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇഡി കേസ് എടുത്തിരിക്കുന്നത്. സിനിമയ്ക്ക് ലഭിക്കുന്ന ലാഭവിഹിതത്തിൽ നിന്ന് 40 ശതമാനം നൽകാമെന്ന് കാണിച്ച് പണം വാങ്ങിയെന്നും നിർമാണ ചിലവ് കൂട്ടിക്കാണിച്ചെന്നുമായിരുന്നു സിറാജ് നൽകിയ പരാതി. നിർമാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ച് എഴുകോടി രൂപ വാങ്ങിയെന്നും സിറാജ് പറഞ്ഞിരുന്നു.

തുടർന്ന് നിർമാതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പോലീസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ആസൂത്രണം ചെയ്ത് നടത്തിയ തട്ടിപ്പാണെന്നും ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് തന്നെ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞത്.

ചിത്രത്തിനായി 22 കോടി രൂപ ചെലവായെന്നത് കള്ളമാണെന്നും സിനിമക്കായി നിർമാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. 18.65 കോടി രൂപമാത്രമാണ് ചിത്രത്തിനായി ചെലവായത്. വാങ്ങിയ പണത്തിൻറെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ലെന്നും ചതിക്കാൻ മുൻകൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനർത്ഥമെന്നും റിപ്പോർട്ടിൽ പറഞ്ഞത്.

ഹൈക്കോടതി നിർദ്ദേശ പ്രകാരം ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു നിർമാതാക്കൾക്കെതിരെ പോലീസ് കേസെടുത്തത്. തുടർന്ന് പറവ ഫിലിംസിന്റെയും പങ്കാളി ഷോൺ ആന്റണിയുടെയും 40 കോടി രൂപയുടെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു.

പിന്നീട് സിറാജിന്റെ പരാതിക്കെതിരെ സിനിമയുടെ നിർമാതാക്കളിൽ ഒരാളായ ബാബു ഷാഹിർ നൽകിയ ഹർജിയിൽ കേസിലെ തുടർനടപടികൾക്ക് ഹൈക്കോടതിയുടെ അവധിക്കാല സിംഗിൾ ബെഞ്ച് സ്റ്റേ നൽകിയിരുന്നു.

സിനിമയുടെ ചിത്രീകരണസമയത്ത് വാഗ്ദാനം ചെയ്ത പണം നൽകാതെ പരാതിക്കാരൻ തങ്ങളെ വഞ്ചിച്ചുവെന്നാണ് ബാബു ഷാഹിർ നൽകിയ ഹർജിയിൽ പറഞ്ഞത്. കൃത്യമായി പണം നൽകാതിരുന്നതു കാരണം സിനിമാ ചിത്രീകരണം തടസപ്പെടുകയും കരുതിയതിനേക്കാൾ കൂടുതൽ ദിവസങ്ങൾ നീണ്ടുപോവുകയും ചെയ്യുന്ന സാഹചര്യമുണ്ടായെന്നും അതുകൊണ്ടുതന്നെ സിനിമയുടെ ലാഭവിഹിതത്തിൽ പരാതിക്കാരനു നിയമപരമായി അവകാശവുമില്ലെന്നും ഹർജിയിൽ പറയുന്നു.

ഒരു സിവിൽ കേസ് ജനശ്രദ്ധ കിട്ടാൻ വേണ്ടി ക്രിമിനൽ കേസാക്കാൻ ശ്രമിക്കുകയായിരുന്നെന്നും നിലനിൽക്കുന്ന പരാതി നിയമപരമായി പരിഹരിക്കാമെന്നും നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ നിർത്തിവെക്കണമെന്നും ബാബു ഷാഹിറിന്റെ ഹർജിയിൽ പറഞ്ഞിരുന്നു.

 


Be the first to comment

Leave a Reply

Your email address will not be published.


*