
ന്യൂഡല്‍ഹി: കസ്റ്റഡിയിലിരിക്കെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഉത്തരവ് ഇറക്കിയതില്‍ എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് ( ഇഡി) അന്വേഷണം നടത്തുന്നു. കസ്റ്റഡിയില്‍ വെച്ച് കെജരിവാളിന് പേപ്പറോ, കമ്പ്യൂട്ടറോ അടക്കം അനുവദിച്ചിരുന്നില്ല. പിന്നെങ്ങനെ മന്ത്രി അതിഷിക്ക് കെജരിവാള്‍ ഉത്തരവ് നല്‍കിയെന്നാണ് അന്വേഷിക്കുന്നത്.
സ്റ്റേഷനറി സാധനങ്ങള്‍ അനുവദിക്കാതിരിക്കെ എങ്ങനെ കെജരിവാള്‍ ഒപ്പിട്ട പേപ്പര്‍ പുറത്ത് പോയെന്നും ഇഡി അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മന്ത്രി അതിഷിയെ ഇഡി ചോദ്യം ചെയ്‌തേക്കും. ആരാണ് അതിഷിക്ക് കത്ത് നല്‍കിയതെന്നും എപ്പോഴാണ് നല്‍കിയതെന്നതിലും വ്യക്തത വരുത്തുകയാണ് ലക്ഷ്യം. ഡല്‍ഹിയിലെ ജല വിതരണവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി ഇഡി കസ്റ്റഡിയിലിരിക്കെ മന്ത്രി അതിഷിക്ക് ഉത്തരവ് കൈമാറിയത്.
വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കറുകള്‍ വഴി കുടിവെള്ളം എത്തിക്കാനും അഴുക്കുചാലുകളുടെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാനുമായിരുന്നു നിര്‍ദേശം. പേപ്പറില്‍ ടൈപ്പ് ചെയ്ത് ഒപ്പിട്ട നിലയിലുള്ള കത്തായിരുന്നു ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ടത്. മദ്യനയക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജരിവാളിനെ ഈ മാസം 28 വരെയാണ് ഡല്‍ഹി റോസ് അവന്യൂ കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടത്. ഡൽഹി മദ്യനയ അഴിമതിയുടെ കിങ്പിൻ അരവിന്ദ് കെജരിവാൾ ആണെന്നാണ് ഇഡി ആരോപിക്കുന്നത്.
Be the first to comment