വൈദേകം റിസോർട്ടിനെ കുറിച്ച് അന്വേഷണം വേണ്ടെന്ന് ഇഡി

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ്റെ ഭാര്യയ്ക്കും മകനും പങ്കാളിത്തമുണ്ടായിരുന്ന കണ്ണൂരിലെ വൈദേകം റിസോർട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തില്ല. ഷെഡ്യൂള്‍ഡ് ഒഫന്‍സ് ഇല്ലാത്തതിനാല്‍ റിസോർട്ടിന് എതിരായ പരാതിയിൽ അന്വേഷണം നടത്താനാകില്ലെന്ന് ഇഡി വ്യക്തമാക്കി. ഹൈക്കോടതി മുന്‍പാകെയാണ് ഇഡി നിലപാടറിയിച്ചത്.

എറണാകുളം സ്വദേശിയായ എം. ആര്‍ അജയന്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഇഡി നിലപാട് വ്യക്തമാക്കിയത്. വൈദേകത്തിനെതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തി. ലഭ്യമായ തെളിവുകളും രേഖകളും ശേഖരിച്ചു. എന്നാല്‍ അന്വേഷണം നടത്തുന്നതിനാവശ്യമായ ഷെഡ്യൂൾഡ് ഒഫൻസ് ഇല്ലെന്ന് ED വ്യക്തമാക്കുന്നു. ഇഡി മറുപടി സത്യവാങ്മൂലമായി നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വൈദേഹത്തിൻ്റെ സാമ്പത്തിക – ബിനാമി ഇടപാടുകള്‍ സംബന്ധിച്ച് ഇഡിക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. പിന്നാലെ 2023 ജൂണില്‍ എം.ആര്‍. അജയന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ അന്വേഷണം നടത്തണമെന്ന കോടതി ഉത്തരവ് ഇഡി ലംഘിച്ചെന്ന് ആരോപിച്ചാണ് അജയന്‍ വീണ്ടും കോടതിയെ സമീപിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*