ബിനീഷ് കോടിയേരിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ഇഡി; ആവശ്യം സുപ്രീംകോടതി തള്ളി

ബെംഗളൂരു ലഹരി ഇടപാടിലെ കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ബെംഗളൂരുവിലെ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ഹർജിയാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.

2021 ഒക്ടോബറിലാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ്സുപ്രീംകോടതിയെ സമീപിച്ചത്. നാല് വർഷമായി ബിനീഷ് ജാമ്യത്തിലാണെന്നും അതിനാൽ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അഭിഭാഷകൻ ജിഷ്ണു എംഎൽ ബിനീഷിനായി ഹാജരായി.

അതേസമയം കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷ് കോടിയേരിക്കെതിരായ വിചാരണക്കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ സ്റ്റേ ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷിനെതിരായ ഇ ഡിയുടെ കേസ് നിലനിൽക്കില്ലെന്നതടക്കമുള്ള നിരീക്ഷണവും അന്ന് കർണാടക ഹൈക്കോടതി നടത്തിയിരുന്നു. ലഹരിക്കടത്ത് കേസിൽ പ്രതിയല്ലാത്തതിനാൽ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസ് ബിനീഷിനെതിരെ നിലനിൽക്കില്ലെന്നാണ് അന്ന് കർണാടക ഹൈക്കോടതി നിരീക്ഷിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*