യുകെയിൽ സമരം ഒഴിവാക്കാൻ തീവ്രശ്രമം; നഴ്സുമാർക്കും അധ്യാപകർക്കും കൂടുതൽ ശമ്പള വർധനവിന് സാധ്യത

ഹെറിഫോഡ് : നഴ്സുമാരും അധ്യാപകരും ഉൾപ്പടെ പൊതുമേഖലയിലെ ജീവനക്കാർക്ക് 4.75 ശതമാനത്തിനും ആറു ശതമാനത്തിനും ഇടയിലുള്ള ശമ്പള വർധനവായിരുന്നു ലേബർ പാർട്ടി തെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തത്. എന്നാൽ, ഭരണത്തിലേറി, രാജ്യത്തിന്റെ യഥാർത്ഥ അവസ്ഥ മനസിലായതോടെ സർക്കാർ അടുത്ത വർഷത്തേക്ക് നിർദ്ദേശിച്ചത് 2.8 ശതമാനം ശമ്പള വർധനവ് മാത്രമായിരുന്നു. ഇതോടെ സമരമെന്ന മുന്നറിയിപ്പുമായി വിവിധ ട്രേഡ് യൂണിയനുകൾ രംഗത്തെത്തിയത് സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കി.

സമരം ഒഴിവാക്കുവാനായി സർക്കാർ കൂടുതൽ ശമ്പള വർധനവ് നിർദ്ദേശിച്ചേക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. പറയുന്നത്. അധ്യാപകർ, നഴ്സുമാർ, സിവിൽ ഉദ്യോഗസ്ഥർ എന്നിവർക്കൊക്കെ ശമ്പള വർദ്ധനവ് പ്രഖ്യാപിക്കുമ്പോൾ, അതിനു പകരമായി പെൻഷൻ തുക കുറയ്ക്കാൻ സമ്മതിക്കേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ജീവനക്കാരുടെ ആവശ്യങ്ങൾ അനുവദിച്ച് സമരമൊഴിവാക്കുകയും അതേസമയം, പൊതുഖജനാവിന് മേൽ അമിത ഭാരം അടിച്ചേൽപ്പിക്കാതിരിക്കുകയും ചെയ്യുന്നതിന് ഉതകുന്ന ഒരു മാതൃകയെ കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ സ്കൂളുകളും എൻഎച്ച്എസും ജീവനക്കാരുടെ സമരം മൂലം ഏറെ ക്ലേശങ്ങൾ അനുഭവിച്ചിരുന്നു. അത് ഒഴിവാക്കാനായിരുന്നു ലേബർ കൂടുതൽ ശമ്പള വർധനവ് പ്രഖ്യാപിച്ചത്. ഇപ്പോൾ, ശമ്പളവും പെൻഷനും തമ്മിലുള്ള സന്തുലനാവസ്ഥ കാത്തു സൂക്ഷിക്കാൻ ഉള്ള പർശ്രമം നടത്തുകയാണ് ക്യാബിനറ്റ് ഓഫീസ്. ഏതായാലും, ഇക്കാര്യത്തിനായി ഇതുവരെയും ആരുമായും കൺസൾട്ടേഷൻ നടത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. വീട് വാങ്ങുക, കുട്ടികളെ വളർത്തുക തുടങ്ങി പ്രധാന കാര്യങ്ങളെല്ലാം ജീവിതത്തിൽ സംഭവിക്കുന്ന കാലത്ത് ജീവനക്കാർക്ക് കൂടുതൽ ശമ്പളം നൽകി, പിന്നീട് ജോലിയിൽ നിന്നും വിരമിച്ചു കഴിയുമ്പോൾ കുറവ് പെൻഷൻ നൽകുന്ന ഒരു പദ്ധതിയാണ് സർക്കാർ ആലോചിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*