
വൃതശുദ്ധിയുടെ നിറവില്‍ വിശ്വാസിസമൂഹത്തിന് ഇന്ന് ചെറിയ പെരുന്നാള്‍. റമദാനില്‍ നേടിയ ആത്മീയ കരുത്തുമായാണ് വിശ്വാസികള്‍ ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്. അന്നപാനീയങ്ങള്‍ വെടിഞ്ഞുള്ള ഒരുമാസക്കാലത്തെ വ്രതം, ഖുര്‍ആന്‍ പാരായണം, ദാനധര്‍മ്മങ്ങള്‍. റമദാനില്‍ കൈവരിച്ച ആത്മീയ വിശുദ്ധിയുമായാണ് ഓരോ വിശ്വാസിയും ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്. ശവ്വാല്‍ അമ്പിളി മാനത്ത് തെളിഞ്ഞതോടെ പള്ളികളും വീടുകളും തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായി.
ചെറിയ പെരുന്നാള്‍ ദിവസം എല്ലാ മസ്ജിദുകളിലും ഈദ്ഗാഹിലും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടക്കും. നിർബന്ധദാനത്തിന്റെ ദിനമായതുകൊണ്ടാണ് ഈദുൽ ഫിത്തർ എന്ന നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. സ്വയം ആനന്ദിക്കുകയല്ല, എല്ലാവർക്കും സന്തോഷിക്കാൻ കഴിയാവുന്നത് ചെയ്യുകയെന്നതാണ് ഈദുൽഫിത്തറിന്റെ അര്‍ഥം തന്നെ. നമസ്‌കാരത്തിനു മുന്‍പ് ഓരോ വിശ്വാസിയും ഫിത്തർ സക്കാത്തു നല്‍കും.
കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതാണ് പെരുന്നാള്‍ വേളകള്‍. പുതുവസ്ത്രങ്ങളണിഞ്ഞ് മസ്ജിദുകളിലെത്തി ചെറിയപെരുന്നാൾ നമസ്കാരം കഴിഞ്ഞ് പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവെച്ചുമാണ് വിശ്വാസികള്‍ വീടുകളിലേക്ക് മടങ്ങുക. മൈലാഞ്ചിച്ചോപ്പിന്റെ മൊഞ്ചും പുത്തനുടുപ്പുമായി ബന്ധുവീടുകളിലും സുഹൃദ് വീടുകളിലും സന്ദർശനം നടത്തി സൗഹൃദം പുതുക്കി ആശംസകള്‍ കൈമാറുന്നതും ഈദിന്റെ പ്രത്യേകതയാണ്.
Be the first to comment