പ്രായമായ മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

തിരുവനന്തപുരം: പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കും പിന്തുടര്‍ച്ചവകാശികള്‍ക്കും ഇനി സ്വസ്ഥമായി ‘വീട്ടില്‍ കിടന്നുറങ്ങാന്‍’ പറ്റില്ല. ഇത്തരക്കാര്‍ക്കെതിരെ നിയമത്തിന്റെ പിടിമുറുക്കാന്‍ നിയമഭേദഗതി വരുന്നു. മക്കളുടെയോ പിന്തുടര്‍ച്ചാവകാശിയുടെയോ പീഡനത്തിനിരയായാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരെ വീട്ടില്‍ നിന്നൊഴിവാക്കാനുള്ള അവകാശം നല്‍കുന്ന നിയമഭേദഗതിക്കാണ് സര്‍ക്കാര്‍ സമിതിയുടെ ശുപാര്‍ശ.

വീടുകളില്‍ വയോജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2009-ലെ ‘കേരള മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പേരന്റ്‌സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍സ് റൂള്‍സ്’ ഭേദഗതിക്കായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശയിലാണ് വയോജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള നടപടികള്‍ വിശദീകരിച്ചത്.

വയോജനസുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പ്രത്യേക പോലീസ് സെല്‍ വേണം, ഇതിനായി ഓരോ സ്റ്റേഷനിലും പ്രത്യേകം പൊലീസുകാരനെ ചുമതലപ്പെടുത്തണം, തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴില്‍ ‘സീനിയര്‍ സിറ്റിസണ്‍ കമ്മിറ്റി’ രൂപവത്കരിക്കണം തുടങ്ങിയ ശുപാര്‍ശകളാണ് സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്. വയോജനസുരക്ഷ ഉറപ്പാക്കാന്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ജില്ലകളില്‍ സ്‌പെഷ്യല്‍ പൊലീസ് യൂണിറ്റ് സ്ഥാപിക്കാനും ശുപാര്‍ശയുണ്ട്. രണ്ടുപേര്‍ സ്ത്രീകളടക്കം അഞ്ച് സാമൂഹികപ്രവര്‍ത്തകരും അതിലുണ്ടാവണം. ഈ അംഗങ്ങളെ കളക്ടര്‍ നിര്‍ദേശിക്കും. പരിപാലിക്കാതിരിക്കുകയോ പീഡിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്ന മക്കളെയും പിന്തുടര്‍ച്ചാവകാശിയെയും വീട്ടില്‍നിന്നൊഴിവാക്കാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ജില്ലാ മജിസ്ട്രേറ്റിന് പരാതി നല്‍കാം.

ഈ അപേക്ഷ 15 ദിവസത്തിനകം ജില്ലാ മജിസ്ട്രേറ്റ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനു കൈമാറണം. അദ്ദേഹം 21 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. പരാതി ന്യായമെന്നു കണ്ടാല്‍, ജില്ലാ മജിസ്ട്രേറ്റ് ബന്ധപ്പെട്ടവര്‍ക്കു നോട്ടീസ് നല്‍കും. അത് ലഭിച്ച് 30 ദിവസത്തിനകം വീട്ടില്‍നിന്നു മാറിയില്ലെങ്കില്‍ മജിസ്ട്രേറ്റിനു പൊലീസ് സഹായത്തോടെ ഒഴിപ്പിക്കല്‍ നടപടികളിലേക്കു നീങ്ങാം. മജിസ്ട്രേറ്റിന്റെ ഉത്തരവിനെതിരെ എതെങ്കിലും തരത്തിലുള്ള ആക്ഷേപം ഉണ്ടെങ്കില്‍ അത് പരിഗണിക്കാനുള്ള അധികാരം ഹൈക്കോടതിക്കായിരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*