
ഡൽഹി: പശ്ചിമ ബംഗാൾ പോലീസ് മേധാവിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കി. പോലീസ് മേധാവി രാജീവ് കുമാറിനെയാണ് ചുമതലയിൽ നിന്ന് നീക്കിയത്. നടപടി സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശദീകരണം.
ഉന്നത ഉദ്യോഗസ്ഥരടക്കം പല സംസ്ഥാനങ്ങളിലായി ആറ് ആഭ്യന്തര സെക്രട്ടറിമാരെ നീക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ്. ഗുജറാത്ത്, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും നീക്കാൻ ഉത്തരവുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരത്തിൽ ഉന്നത ഉദ്യോഗസ്ഥരെ നീക്കുന്നത് പതിവാണ്. ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും മാറ്റിയിട്ടുണ്ട്. മിസോറാമിലെയും ഹിമാചൽ പ്രദേശിലെയും മുഖ്യമന്ത്രിമാരുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരെയും മാറ്റും. മഹാരാഷ്ട്രയിലെ നഗരസഭാ ഉദ്യോഗസ്ഥരെയും ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഇഖ്ബാൽ സിങ് ചഹലിനെയും മാറ്റി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാണ് തീരമാനം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും മുന്നിൽക്കണ്ടുകൊണ്ടാണ് തീരുമാനം. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും തുല്യ പരിഗണന ലഭിക്കുകയാണ് ഉദ്ദേശമെന്നാണ് വിശദീകരണം.
Be the first to comment