പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ വിഷയവുമായി ബന്ധപ്പെട്ട് നിലവില്‍ പ്രതികരിക്കാനില്ലെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നു രാവിലെ മുതല്‍ കമ്മീഷൻ്റെ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് സംസാരിക്കന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷണര്‍മാരും വിസമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്മീഷന്‍ ഓഫീസിലെ വൃത്തങ്ങള്‍ മുഖേന വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് മാധ്യമങ്ങളെ അറിയിച്ചത്.
രാജ്യത്തിൻ്റെ സമ്പത്തിനുമേല്‍ കൂടുതല്‍ അധികാരം മുസ്ലിങ്ങള്‍ക്കാണെന്നു കോണ്‍ഗ്രസ് മുമ്പ് പറഞ്ഞിട്ടുണ്ടെന്നും വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിൻ്റെ സ്വത്ത് നുഴഞ്ഞുകയറി വന്ന മുസ്ലിങ്ങള്‍ക്കു നല്‍കുമെന്നും അത് അവരുടെ പ്രകടനപത്രികയില്‍ പറയുന്നുണ്ടെന്നുമായിരുന്നു രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി പ്രസംഗിച്ചത്. കോണ്‍ഗ്രസിനെ തിരഞ്ഞെടുത്താല്‍ അവര്‍ രാജ്യത്തിൻ്റെ സമ്പത്ത് നുഴഞ്ഞു കയറിയവര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നായിരുന്നു മോദിയുടെ പ്രസ്താവന.
”ഭരണത്തിലുണ്ടായിരുന്ന സമയത്ത് കോണ്‍ഗ്രസ് പറഞ്ഞത്, രാജ്യത്തിൻ്റെ സമ്പത്തില്‍ ഏറ്റവും അധികം അവകാശമുള്ളത് മുസ്ലിങ്ങള്‍ക്കാണ് എന്നാണ്. എന്നുവച്ചാല്‍ ഇപ്പോഴും അവര്‍ ഈ സമ്പത്ത് വിതരണം ചെയ്യുന്നത് കൂടുതല്‍ കുട്ടികളുള്ളവര്‍ക്കായിരിക്കും, നുഴഞ്ഞു കയറിയവര്‍ക്കുമായിരിക്കും. നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഈ നുഴഞ്ഞുകയറിയവര്‍ക്ക് നല്‍കണോ? നിങ്ങള്‍ക്ക് അതിന് സമ്മതമാണോ?” മോദി തിരഞ്ഞെടുപ്പ് യോഗത്തില്‍ ചോദിച്ചു.’
കോണ്‍ഗ്രസ് അവരുടെ പ്രകടനപത്രികയില്‍ പറയുന്നതനുസരിച്ച് നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും കൈവശമുള്ള സ്വര്‍ണം അവരെടുത്ത് നേരത്തെ പറഞ്ഞതുപോലെ വിതരണം ചെയ്യും. രാജ്യത്തിൻ്റെ സമ്പത്തിനു മുകളില്‍ ഏറ്റവും കൂടുതല്‍ അവകാശമുള്ളത് മുസ്ലിങ്ങള്‍ക്കാണെന്ന് പറഞ്ഞത് മന്‍മോഹന്‍ സിംഗ് സര്‍ക്കാരാണ്. ഈ അര്‍ബന്‍ നക്‌സല്‍ ചിന്താഗതികള്‍ നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും താലിമാലകള്‍ പോലും ബാക്കിവയ്ക്കില്ല,” ഇതായിരുന്നു മോദിയുടെ പരാമര്‍ശം.
കമ്മീഷന്റെ നിയമനത്തില്‍ സര്‍ക്കാരിനുള്ള സമ്പൂര്‍ണ അധികാരമാണ് ഇതിനു കാരണമെന്ന് കരുതുന്നു. നേരത്തെ പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ ചേര്‍ന്ന സമിതി വേണം തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാനെന്ന് സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുകയും പകരം ഒരു മന്ത്രിയെ ഉള്‍പ്പെടുത്തുകയും ചെയ്തു. സുപ്രീം കോടതിയുടെ വിധിയുടെ അന്തസത്തയ്ക്ക് വിരുദ്ധമായിരുന്നു മോദി സര്‍ക്കാരിൻ്റെ തീരുമാനം.
Be the first to comment