പോളിംഗ് കുറഞ്ഞതിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷൻ; കെ മുരളീധരൻ

തൃശ്ശൂർ: സംസ്ഥാനത്ത് പോളിംഗ് കുറഞ്ഞതിൽ പ്രധാന ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. മെഷീനിൽ കാലതാമസമുണ്ടായി, ചൂടിൽ ക്യൂ നിൽക്കുന്നവർക്ക് സൗകര്യമൊരുക്കിയില്ല, ചില പ്രിസൈഡിങ് ഓഫീസർമാർ മോശമായി പെരുമാറിയെന്നും ഇതോടെ ക്യൂവിൽ നിന്ന ചിലരൊക്കെ തിരിച്ചു പോയെന്നുമുള്ള ആരോപണമാണ് കെ മുരളീധരൻ ഉന്നയിക്കുന്നത്.

യുഡിഎഫിന് വോട്ട് ചോർച്ചയുണ്ടായിട്ടില്ല. തൃശ്ശൂർ ലോക്‌സഭയിൽ ബിജെപി കള്ളവോട്ടിന് ശ്രമിച്ചു. ഫ്ളാറ്റുകളിൽ കള്ള വോട്ട് ചേർത്തുവെന്നും ബിഎൽഒമാർ ഒത്താശ ചെയ്തുവെന്നും മുരളീധരൻ ആരോപിച്ചു. പൂങ്കുന്നം ഹരിശ്രീയിൽ ക്രോസ് വോട്ട് നടന്നു. കണക്കനുസരിച്ചാണെങ്കിൽ യുഡിഎഫ് ഒന്നാമതും എൽഡിഎഫ് രണ്ടാമതും വരണം. എന്നാൽ ഡീൽ അനുസരിച്ചാണെങ്കിൽ ബിജെപി രണ്ടാമതായിരിക്കുമെന്നും മുരളീധരൻ പറഞ്ഞു. ഇതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും. ‌

തോൽക്കുന്നത് വരെ ബിജെപിക്ക് വിജയം പ്രതീക്ഷിക്കാം. കേരളത്തിൽ ബിജെപിക്ക് വട്ടപ്പൂജ്യമായിരിക്കും. കാണാൻ വരുന്നവരുടെയും ടാറ്റാ കാണിക്കുന്നവരുടെയും കണക്കെടുത്ത് ഏതെങ്കിലും സ്ഥാനാർത്ഥി വിജയിച്ചിട്ടുണ്ടോ? സിനിമാനടനെ കാണാൻ വരുന്നവർ വോട്ടാവണമെന്നില്ല. പത്മജക്ക് തന്നെ ജയിക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല പിന്നെയാണോ മറ്റുള്ളവരുടെ ജയം പ്രവചിക്കുക? പത്മജ പ്രവചിച്ച് സമാധാനമടയട്ടെയെന്നും തോറ്റാൽ അവിടെ കെട്ടിക്കിടക്കുന്ന ശീലം തനിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*