കർണാടകയിൽ വോട്ടെടുപ്പ് തുടങ്ങി, കനത്ത സുരക്ഷ

ബെംഗളൂരു: കര്‍ണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 224 നിയമസഭ മണ്ഡലങ്ങളില്‍ 52282 പോളിങ്ങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. അഞ്ചേകാല്‍ കോടി വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക. ഇതില്‍ ഭൂരിഭാഗവും സ്ത്രീ വോട്ടര്‍മാരാണ്.

പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസും ബിജെപിയും അടക്കമുള്ള മുന്നണികള്‍ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ഒരു മാസം നീണ്ടു നിന്ന പ്രചാരണങ്ങളില്‍ നിന്നു തന്നെ വ്യക്തമായിരുന്നു. 2018 ലെ തെരഞ്ഞെടുപ്പില്‍ 72.57 ശതമാനമായിരുന്നു പോളിംഗ്. പക്ഷേ നഗരത്തില്‍ പോളിംഗ് ശതമാനം നന്നേ കുറവായിരുന്നു. ഇത്തവണ പോളിംഗ് വര്‍ദ്ധിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വാരാന്ത്യം ഒഴിവാക്കി ആഴ്ചയുടെ മധ്യത്തിലേക്ക് തെരഞ്ഞെടുപ്പ് മാറ്റിയതിലൂടെ പോളിംഗ് വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ് കമ്മീഷന്റെ കണക്കുകൂട്ടല്‍.

സംസ്ഥാനത്തെ മുഴുവന്‍ വിനോദസഞ്ചാരകേന്ദ്രങ്ങളിലും സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള ബൂത്തുകളില്‍ സായുധ സേനയെ വിന്യസിച്ചു. 50 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോളിംഗ് ബൂത്തുകളിലെ തിരക്ക് അറിയാന്‍ പ്രത്യേക മൊബൈല്‍ ആപ്പുകളും ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*