ഇലക്ടറൽ ബോണ്ട് വഴി പണം സംഭാവന നൽകിയ പല സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറിയത് സംയോജിത അറ്റാദായത്തിന്റെ(നെറ്റ് പ്രോഫിറ്റ്) അഞ്ചും ആറും ഇരട്ടി. സാന്റിയാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് നിലവിൽ പുറത്തുവന്ന രേഖകൾ പ്രകാരം ഏറ്റവും കൂടുതൽ പണം നൽകിയ സ്ഥാപനം. അവർക്ക് കഴിഞ്ഞ മൂന്നുവർഷമായി ലഭിച്ച സംയോജിത അറ്റാദായം 215 കോടി രൂപയായിരുന്നു. എന്നാൽ സംഭാവന നൽകിയതാവട്ടെ 1368 കോടി രൂപയും.
2019 ഏപ്രിൽ 12 നും 2024 ജനുവരി 24നും ഇടയിൽ സ്ഥാപനങ്ങളും ആളുകളും വാങ്ങിയ ഇലക്ടറൽ ബോണ്ടിന്റെ കണക്കുകളാണ് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് മാർച്ച് 14ന് പുറത്തുവിട്ടത്. ഈ കാലയളവിൽ ബോണ്ടുകൾ വഴി 50 കോടിയിലധികം രൂപ സംഭാവന ചെയ്ത കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പട്ടികയിൽ ലാഭത്തെക്കാൾ അധികം പണം സംഭാവന നൽകിയവർ ഒരുപാടുണ്ട്. ഇലക്ടറൽ ബോണ്ടുകൾ വഴി പണം നൽകിയശേഷം പലർക്കും നിരവധി കേന്ദ്ര സർക്കാർ പ്രോജക്ടുകൾ ലഭിച്ചതായും കണ്ടെത്തിയിരുന്നു. മേഘ എഞ്ചിനീറിങ് വർക്സ് ആണ് ഇതിൽ പ്രധാനി. 14400 കോടി രൂപയുടെ കരാറാണ് ഏറ്റവും കൂടുതൽ സംഭാവന നൽകിയ രണ്ടാമത്തെ സ്ഥാപനമായ മേഘയ്ക്ക് 2023ൽ ലഭിച്ചത്.
ചിലർ തങ്ങളുടെ സമ്പാദ്യത്തിൻ്റെ ഗണ്യമായ ഒരു ഭാഗം രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറിയതായും കണക്കുകൾ തെളിയിക്കുന്നു. ഉദാഹരണത്തിന്, ഐഎഫ്ബി അഗ്രോ ഇൻഡസ്ട്രീസ് 2019-20 മുതൽ 2022-23 വരെ സമ്പാദിച്ചത് 175 കോടി രൂപയുടെ ലാഭമായിരുന്നു. ഈ തുകയുടെ 53 ശതമാനമാണവർ (92 കോടി) ഇലക്ടറൽ ബോണ്ട് വഴി കൈമാറിയിരിക്കുന്നത്. അതുപോലെ, ഡാറ്റ ലഭ്യമായ മൂന്ന് വർഷങ്ങളിലെ സംയോജിത അറ്റാദായത്തിന്റെ 37 ശതമാനമാണ് ഹാൽദിയ എനർജി നൽകിയിരിക്കുന്നത്.
Be the first to comment