ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സുപ്രീംകോടതിയെ സമീപിച്ചു. മാർച്ച് ആറിനുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറാനാണ് സുപ്രീംകോടതി എസ്ബിഐക്ക് നല്‍കിയ നിർദേശം. ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ മാസമാണ് വിധിച്ചത്.
ഇലക്ടറല്‍ ബോണ്ടുകള്‍ നല്‍കുന്നത് നിർത്തിവെക്കാനും ഇലക്ടറല്‍ ബോണ്ട് വഴി ലഭിച്ച ഡോണേഷനുകളുടെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാനുമായിരുന്നു കോടതി ഉത്തരവ്. എസ്‍ബിഐ നല്‍കുന്ന വിവരങ്ങള്‍ വെബ്സൈറ്റില്‍ മാർച്ച് 13നകം പ്രസിദ്ധീകരിക്കാനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നല്‍കിയ നിർദേശം.
കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ടറല്‍ ബോണ്ടെന്നും കോടതി വ്യക്തമാക്കി. കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തെ വിവരാവകാശ ലംഘനം ന്യായീകരിക്കുന്നില്ലെന്നും അഞ്ചംഗ ഭരണഘടനാബെഞ്ച് കൂട്ടിച്ചേർത്തു.
ഇലക്ടറല്‍ ബോണ്ട് അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനുള്ള പദ്ധതി ആണെന്ന് കോടതി നിരീക്ഷിച്ചു. പണമാക്കി മാറ്റാത്ത ഇലക്ടറല്‍ ബോണ്ടുകള്‍ സംഭാവന തന്നവര്‍ക്കു തിരികെ നല്‍ണകമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സംഭാവന ചെയ്യുന്നവരുടെ സ്വകാര്യതയെ മാനിക്കുന്നെങ്കിലും രാഷ്ട്രീയ ധനസമാഹരണത്തിന്റെ സുതാര്യത ഉറപ്പാക്കാന്‍ പൂര്‍ണ ഇളവുകള്‍ അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
Be the first to comment