
ബംഗളൂരു: ഗതാഗതക്കുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്ന ബംഗളൂരുവില്‍ ഇനി വിമാനത്താവളത്തില്‍ നിന്ന് അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്താം. ബംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേര്‍ന്ന് ഇലക്ട്രിക് ഫ്‌ളൈയിങ് ടാക്‌സി സേവനം ആരംഭിക്കാന്‍ പദ്ധതിയിടുന്നു. കഴിഞ്ഞ മാസം, ഇതിന്റെ സാധ്യത പഠിക്കാന്‍ ഇരു കമ്പനികളും സഹകരണ കരാറില്‍ ഒപ്പുവെച്ചു.
വേഗമേറിയതും വൃത്തിയുള്ളതും കൂടുതല്‍ കാര്യക്ഷമവുമായ ഗതാഗതം വാഗ്ദാനം ചെയ്യുന്ന ഏഴ് സീറ്റുകളുള്ള ഇലക്ട്രിക് ഫ്‌ളൈയിങ് ടാക്‌സികള്‍ അവതരിപ്പിച്ച് വിമാന യാത്രയില്‍ പുതിയ മാറ്റം കൊണ്ടുവരാനാണ് രണ്ടു സ്ഥാപനങ്ങളും തീരുമാനിച്ചിരിക്കുന്നത്. ഇത് യാഥാര്‍ഥ്യമാകാന്‍ രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെ സമയമെടുക്കുമെങ്കിലും മുമ്പ് ബംഗളൂരുവില്‍ വാഗ്ദാനം ചെയ്തിരുന്ന പരമ്പരാഗത ഹെലികോപ്റ്റര്‍ സേവനങ്ങള്‍ക്ക് പകരമായി വൃത്തിയുള്ളതും ചെലവ് കുറഞ്ഞതുമായ ബദല്‍ സംവിധാനമാണ് സരള ഏവിയേഷന്റെ ഇലക്ട്രിക് ടാക്‌സികള്‍ വാഗ്ദാനം ചെയ്യുന്നത്.
അഡ്രിയാന്‍ ഷ്മിത്ത്, രാകേഷ് ഗോങ്കര്‍, ശിവം ചൗഹാന്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയാണിത്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നാല് നഗരങ്ങളായ ബംഗളൂരു, മുംബൈ, ഡല്‍ഹി, പുനെ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സരള ഏവിയേഷന്‍ പദ്ധതിയിടുന്നത്. ഇത് യാഥാര്‍ഥ്യമായാല്‍ ബംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്ക് 19 മിനിറ്റ് കൊണ്ട് എത്താം.
റോഡ് മാര്‍ഗം യാത്ര ചെയ്യുമ്പോള്‍ രണ്ടര മണിക്കൂറിലധികം വേണ്ടി വരുമ്പോഴാണ് കുറഞ്ഞ സമയത്തിനുള്ളില്‍ സ്ഥലത്ത് എത്താന്‍ സാധിക്കുന്നത്. നിരക്ക് 1,700 രൂപ ആയിരിക്കും.ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡുമായി സഹകരിച്ച് സരള ഏവിയേഷന്‍ eVTOL വിമാനങ്ങള്‍ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ബംഗളൂരുവിലെ ട്രാഫിക് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇത് സഹായമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.
Be the first to comment