ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ വരുന്നു

കോതമംഗലം: ഇടുക്കിയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

വാഗമൺ മൊട്ടക്കുന്ന് , അഡ്വഞ്ചര്‍ പാര്‍ക്ക്, ഏലപ്പാറ അമിനിറ്റി സെന്റര്‍, പാഞ്ചാലിമേട് വ്യൂ പോയിന്റ്, പീരുമേട് അമിനിറ്റി സെന്റര്‍, രാമക്കല്‍മേട് ടൂറിസം സെന്റര്‍, അരുവിക്കുഴി ടൂറിസം സെന്റര്‍, ശ്രീനാരായണപുരം റിപ്പിള്‍ വാ’ര്‍ ഫാള്‍സ്, മൂന്നാർ ചില്‍ഡ്രന്‍സ് പാര്‍ക്ക്, പാറേമാവ്അമിനിറ്റി സെന്റര്‍, കുമളി ഡി.ഡി. ഓഫീസ് കോംപൗണ്ട് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ചാര്‍ജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുക. ഇലക്ടിക് വാഹനങ്ങളുടെ എണ്ണം കൂടുന്നതും ഇതരസംസ്ഥാനങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നുമുള്ള സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. നിര്‍മ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്ന പാഞ്ചാലിമേട് ടൂറിസം പദ്ധതി രണ്ടാം ഘട്ടം, ഇടുക്കിയിലെ എത്നിക് ടൂറിസം വില്ലേജ് എന്നിവയുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.

ഇടുക്കിയിൽ നിർമ്മാണം പൂർത്തിയായിട്ടുള്ള കുടിയേറ്റ സ്മാരകത്തോടനുബന്ധിച്ച് ഇടുക്കിയുടെ ചരിത്രം വെളിവാക്കുന്ന ഡിജിറ്റൽ മ്യൂസിയം ഉടൻ സ്ഥാപിക്കും. ഇടുക്കി യാത്രി നിവാസിന്റെ നിർമ്മാണജോലികൾ പൂർത്തിയായെങ്കിലും ജലലഭ്യത ഉറപ്പാക്കാൻ ഭൂമിയുടെ ആവശ്യമുണ്ട്. ഇതിന് വേണ്ട നടപടികൾ റവന്യു വകുപ്പ് സ്വീകരിക്കും.

മലങ്കര ഡാമിനോട് ചേർന്ന് ചില്‍ഡ്രന്‍സ് പാര്‍ക്ക്, അരുവിക്കുഴി ടൂറിസം പദ്ധതി ഫേസ് 2 , മാട്ടുപ്പെട്ടി ഡാം വികസനവും സൗന്ദര്യവത്കരണവും ,ആലുങ്കപ്പാറ ടൂറിസം പദ്ധതി, രാമക്കല്‍മേട് ടൂറിസം പദ്ധതി നവീകരണം തുടങ്ങിയ പതിനാലോളം പദ്ധതികൾക്ക് സമിതി യോഗം അംഗീകാരം നൽകി. വാഗമൺ മൊട്ടക്കുന്നിലും അഡ്വഞ്ചര്‍ പാര്‍ക്കിലും കൂടുതല്‍ ഇടിമില്‍ രക്ഷാചാലകങ്ങള്‍ സ്ഥാപിക്കാനും തീരുമാനമായി. ഡി ടി പി സി ജീവനക്കാരുടെ കുറഞ്ഞ വേതനം വർധിപ്പിക്കുവാനും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

എം എൽ എ മാരായ എം എം മണി, എ രാജ ,ജില്ലാ കലക്ടർ ഷീബ ജോർജ്ജ് ,ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ കെ എസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ് , മറ്റ് കൗൺസിൽ എക്സിക്യൂട്ടീവ് സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*