കാലിക്കറ്റ് വി സിക്ക് ആശ്വാസം; ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

വൈസ് ചാൻസലർമാരെ പുറത്താക്കിയ ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്ത് വിസിമാര്‍ നല്‍കിയ ഹർജിയില്‍ കാലടി സംസ്കൃത സർവകലാശാല വൈസ് ചാന്‍സലര്‍ക്ക് തിരിച്ചടി. ഡോ. എംവി നാരായണന്റെ സ്റ്റേ ആവശ്യം തള്ളിയ ഹൈക്കോടതി കാലിക്കറ്റ് സർവകലാശാല വിസി ഡോ. എംകെ ജയരാജിനെതിരെയുള്ള നടപടി സ്റ്റേ ചെയ്തു. കാലിക്കറ്റ് സര്‍വകലാശാല, കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരായ ഡോ. എം കെ ജയരാജും ഡോ. എം വി നാരായണനും നല്‍കിയ ഹര്‍ജികളിലാണ് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് വിധി പറഞ്ഞത്.

കാലിക്കറ്റ് സര്‍വകലാശാലയുടെ സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയതും സംസ്‌കൃത സർവകലാശാല വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി ഒരാളെ മാത്രം ശിപാര്‍ശ ചെയ്തതും യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ഗവര്‍ണറുടെ വിലയിരുത്തല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രണ്ട് വൈസ് ചാന്‍സലര്‍മാരെയും പുറത്താക്കിയത്.

വിസി സ്ഥാനത്തേയ്ക്ക് അപേക്ഷിച്ചവരില്‍ ഏറ്റവും യോഗ്യനായ വ്യക്തിയെന്ന് കണ്ടാണ് സെര്‍ച്ച് കമ്മിറ്റി തന്റെ പേരുമാത്രം ശുപാര്‍ശ ചെയ്തതെന്നായിരുന്നു ഡോ. എം വി നാരായണന്റെ വാദം. അക്കാദമിക കാര്യങ്ങളല്ല യുജിസി ചട്ടങ്ങളുടെ ലംഘനമാണ് വിഷയമെന്നായിരുന്നു ഹൈക്കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. ചീഫ്‌ സെക്രട്ടറി സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെട്ടതാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ ചട്ട ലംഘനമായി കണ്ടെത്തിയത്. അന്നത്തെ ചീഫ് സെക്രട്ടറി അക്കാദമിക് മികവ് പുലര്‍ത്തിയിട്ടുള്ള വ്യക്തിയായിരുന്നു എന്നാണ് ഡോ എം കെ ജയരാജിന്റെ വാദം.

Be the first to comment

Leave a Reply

Your email address will not be published.


*