ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ; പ്രതിഷേധക്കാരെ നേരിടാൻ സജ്ജമായി സൈന്യം

കൊളംബോ: പ്രസിഡന്‍റ് ഗോതബയ രാജപക്സെ രാജ്യംവിട്ടതിന് പിന്നാലെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥയും നിശാനിയമവും പ്രഖ്യാപിച്ചു. പ്രതിഷേധക്കാർ തെരുവുകൾ കൈയടക്കിയതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഗോതബയ രാജപക്സെ ഇന്ന് പുലർച്ചെ ഭാര്യയ്ക്കൊപ്പം സൈനിക വിമാനത്തിൽ മാലിദ്വീപിലേക്ക് കടന്നിരുന്നു. പ്രധാനമന്ത്രിയായി ചുമതലയേറ്റ റനിൽ വിക്രമസിംഗയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. റനിൽ നിയന്ത്രണം ഏറ്റെടുത്ത ഉടൻ തന്നെ ശ്രീലങ്കയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ ബുധനാഴ്ച കർഫ്യൂ ഏർപ്പെടുത്തി. ദ്വീപിലുടനീളം അടിയന്തരാവസ്ഥ നിലവിലുണ്ട്.

കലാപകാരികളായ ആളുകളെ അറസ്റ്റ് ചെയ്യാനും അവർ സഞ്ചരിക്കുന്ന വാഹനങ്ങൾ തടയാനും റനിൽ വിക്രമസിംഗെ സൈന്യത്തിന് നിർദേശം നൽകിയതായി ശ്രീലങ്കൻ വാർത്താ ഏജൻസിയായ ലങ്കാ എക്‌സ്പ്രസ് വെളിപ്പെടുത്തി. പ്രതിഷേധം നിയന്ത്രിക്കാൻ ശ്രീലങ്കൻ സൈന്യം സജ്ജമാണെന്ന് സേനാ വക്താവ് അറിയിച്ചു. കൊളംബോയിലെ ഫ്ലവർ റോഡിലുള്ള പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ ഓഫീസിന് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*