ഇൻഡ്യ സഖ്യത്തിന്റെ അടിയന്തര യോഗം ഇന്ന്

ന്യൂഡൽഹി : ഇൻഡ്യ സഖ്യം ഇന്ന് അടിയന്തര യോഗം ചേരും. ഖാർഗെയുടെ വസതിയിൽ രാത്രി എട്ട് മണിക്കാണ് യോഗം. സ്പീക്കർ തെരഞ്ഞെടുപ്പ് പ്രധാന ചർച്ചയാകുമെന്നാണ് സൂചന. നേരത്തെ കൊടിക്കുന്നിൽ സുരേഷിനെ സ്‌പീക്കർ സ്ഥാനാർത്ഥിയാക്കാൻ സഖ്യം തീരുമാനിച്ചിരുന്നു. രാജ്‌നാഥ് സിംഗുമായുള്ള ചർച്ചയ്ക്ക് ശേഷമായിരുന്നു പ്രഖ്യാപനം. അതനുസരിച്ച് കൊടിക്കുന്നിൽ സുരേഷ് നാമനിർദ്ദേശപത്രിക സമർപ്പിക്കുകയും ചെയ്തിരുന്നു.

ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിൽ ഉറപ്പ് ലഭിക്കാത്തതിനാലാണ് സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളക്കെതിരായി മത്സരിക്കാൻ തീരുമാനിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആകെ രണ്ട് പ്രാവശ്യം മാത്രമാണ് സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരം നടന്നത്. അവസാനമായി മത്സരം നടന്നത് 1976ൽ അടിയന്തരാവസ്ഥ സമയത്താണ്. വർഷങ്ങൾക്ക് ശേഷം പതിനെട്ടാമത് ലോക്സഭയിലാണ് മൂന്നാമതൊരു മത്സരം നടക്കുന്നത്.

അതേസമയം, ലോക്സഭാ സ്‌പീക്കർ സ്ഥാനത്തേയ്ക്ക് ഓം ബിർളയുടെ പേരാണ് വീണ്ടും എൻഡിഎ നിർദ്ദേശിച്ചത്. നേരത്തെ മത്സരം ഒഴിവാക്കണമെന്നും ഓം ബിർളയെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ട് രാജ്‌നാഥ് സിംഗ് ഇൻഡ്യ സഖ്യനേതാക്കളെ കണ്ടിരുന്നു. നാളെയാണ് ലോക്സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കും. രാഹുൽ ഗാന്ധി തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തും എന്നാണ് പ്രതീക്ഷ.

Be the first to comment

Leave a Reply

Your email address will not be published.


*