കങ്കണയുടെ ‘എമര്‍ജന്‍സി’ റിലീസ്; ഈ മാസം 25നകം തീരുമാനമെടുക്കണമെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: കങ്കണ റണൗട്ട് മുഖ്യവേഷത്തിലെത്തുന്ന സിനിമ ‘എമര്‍ജന്‍സി’യുടെ റിലീസില്‍ ഇടപെട്ട് ബോംബെ ഹൈക്കോടതി. ചിത്രത്തിന്‍റെ റിലീസിന്‍റെ കാര്യത്തില്‍ ഈ മാസം 25നകം തീരുമാനമെടുക്കണമെന്ന് ബോംബെ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടു. ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളായ സീ സ്‌റ്റുഡിയോസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ജസ്‌റ്റിസുമാരായ ബര്‍ഗെസ് കൊളാബാവാല, ഫിര്‍ദോഷ് പൂണിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

സിനിമക്കെതിരെ ജബല്‍പൂര്‍ സിഖ് സംഗത് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കാനും റിലീസ് ചെയ്യണോ വേണ്ടയോ എന്ന കാര്യത്തില്‍ സെപ്റ്റംബര്‍ 18 നകം തീരുമാനമെടുക്കാനും സെപ്റ്റംബര്‍ നാലിന് കോടതി ഉത്തരവിട്ടിരുന്നു. സെപ്റ്റംബര്‍ ആറിനായിരുന്നു ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ സിഖ് സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നൽകിയിരുന്നില്ല.

സെന്‍സര്‍ ലഭിക്കുന്നത് ഒഴികെ ബാക്കി എല്ലാ ജോലികളും പൂര്‍ത്തിയായിരുന്നു. ചിത്രം റിലീസിന് ഒരുങ്ങുമ്പോഴാണ് സിഖ് സംഘടനകള്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വരുന്നത്. സിനിമ സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വിവിധ സംഘടനകള്‍ കോടതിയെ സമീപിച്ചതോടെ ചിത്രത്തിന്‍റെ പ്രദര്‍ശനാനുമതി അനിശ്ചിതത്വത്തിലാവുകയായിരുന്നു.

ചിത്രത്തിന്‍റെ പ്രദര്‍ശനാനുമതിയുമായി ബന്ധപ്പെട്ട് നേരത്തെ നിര്‍മാതാക്കള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ നിന്നും തിരിച്ചടിയായതോടെ റിലീസ് വീണ്ടും മാറ്റിവയ്ക്കുകയായിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*