സെമിയിൽ ഇന്ത്യ, ഫൈനലിൽ ശ്രീലങ്ക; അട്ടിമറി ആവർത്തിച്ച് അഫ്ഗാൻ, കിരീടത്തിൽ മുത്തം

മസ്‌ക്കറ്റ്: എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് കിരീടം അഫ്ഗാനിസ്ഥാന്‍ എ ടീമിന്. സെമിയില്‍ ഇന്ത്യ എ ടീമിനെ അട്ടിമറിച്ച് ഫൈനലിലേക്ക് കുതിച്ചെത്തിയ അഫ്ഗാന്‍ ടീം ഫൈനലില്‍ സമാന അട്ടിമറി ശ്രീലങ്ക എ ടീമിനെതിരെയും പുറത്തെടുത്താണ് കിരീടത്തില്‍ മുത്തമിട്ടത്. ഏഴ് വിക്കറ്റിനാണ് അഫ്ഗാന്‍ ജയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു. അഫ്ഗാന്‍ 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്താണ് വിജയവും കിരീടവും ഉറപ്പിച്ചത്. തുടരെ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയ സെദീഖുല്ല അടലിന്റെ മികച്ച ബാറ്റിങാണ് അവരുടെ ജയം അനായാസമാക്കിയത്. താരം 55 റണ്‍സുമായി പുറത്താകാതെ നിന്നു.

വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന് ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ സുബൈ അക്ബാരിയെ നഷ്ടമായി. താരം ഗോള്‍ഡന്‍ ഡക്കായി. എന്നാല്‍ പിന്നീട് രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഡാര്‍വിഷ് റസൂലി (24) സെദീഖുല്ലയ്‌ക്കൊപ്പം ചേര്‍ന്നു ഇന്നിങ്‌സ് നേരെയാക്കി.

ക്യാപ്റ്റന്‍ മടങ്ങിയ ശേഷം ക്രീസിലെത്തിയ കരിം ജാനത്തും മികവു കാട്ടി. താരം 27 പന്തില്‍ 3 സിക്‌സുകള്‍ സഹിതം 33 റണ്‍സെടുത്തു. 6 പന്തില്‍ 16 റണ്‍സുമായി മുഹമ്മദ് ഇഷാഖ് സെദീഖുല്ലയ്‌ക്കൊപ്പം ജയം കണ്ടെത്തുമ്പോള്‍ പുറത്താകാതെ ക്രീസില്‍ നിന്നു.

ആദ്യം ബാറ്റിങിനു ഇറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ പിഴച്ചു. 15 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് 4 മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി വന്‍ തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്.

ആറാമനായി ക്രീസിലെത്തിയ സഹാന്‍ അരാചിഗെയുടെ അവസരോചിത അര്‍ധ സെഞ്ച്വറിയാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ലങ്കയെ പിന്നീട് എത്തിച്ചത്. താരം 47 പന്തില്‍ ആറ് ഫോറുകള്‍ സഹിതം പുറത്താകാതെ 64 റണ്‍സെടുത്തു. പവന്‍ രത്‌നായകെ (20), നിമേഷ് വിമുക്തി (23) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.അഫ്ഗാനായി ബിലാല്‍ സമി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഗസ്‌നഫര്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*