‘എമ്പുരാന്‍’ ലോക ബോക്‌സോഫിസില്‍ മൂന്നാം സ്ഥാനത്ത്;ഇന്ത്യന്‍ സിനിമയിലെ മലയാളത്തിളക്കം

ഒരു മലയാള സിനിമയ്ക്കും സ്വപ്നം കാണാന്‍ പറ്റാത്ത അത്രയും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് എമ്പുരാന്‍. 2025ല്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും മികച്ച കളക്ഷനാണ് എമ്പുരാന്‍ നേടിയിരിക്കുന്നത്. വിക്കി കൗശലിന്റെ ഛാവയായിരുന്നു ഇന്ത്യന്‍ ബോക്‌സോഫിസില്‍ ഇതിന് മുന്‍പ് കളക്ഷനില്‍ ഇത്രയും വലിയ വിജയം നേടിയ ചിത്രം. ലോകത്താകമാനം എമ്പുരാന്‍ മൂന്നാം സ്ഥാനത്താണ്. 19 മില്യന്‍ ഡോളര്‍ കളക്ഷന്‍ നേടിയതോടെ ഡിസ്‌നിയുടെ സ്‌നോവൈറ്റ്, ജേസണ്‍ സ്റ്റാഥത്തിന്റെ വര്‍ക്കിംഗ് മാന്‍ എന്നീ ചിത്രങ്ങളുടെ തൊട്ടടുത്താണ് എമ്പുരാന്‍ എത്തിനില്‍ക്കുന്നത്.

കേരളത്തിലെ തിയേറ്ററുകളില്‍ കഴിഞ്ഞ രണ്ടു ദിവസമായി ചിത്രത്തിന് ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമാണ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഇരുപത് കോടിയിലധികമാണ് കളക്ഷന്‍ ലഭിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആഗോള തലത്തിലുള്ള കളക്ഷന്‍ 165 കോടിയാണ് എമ്പുരാന്‍ നേടിയിരിക്കുന്നത്. ഇതു മലയാള സിനിമാ ചരിത്രത്തില്‍ സര്‍വ്വകാല റെക്കോര്‍ഡാണ്. ഇന്ത്യയിലെ മറ്റു ഭാഷകളിലും ഇത് ചരിത്രമാണ്. കഴിഞ്ഞ 27 നാണ് എമ്പുരാന്‍ പ്രദര്‍ശനത്തിനെത്തിയത്. പിന്നീടുണ്ടായ വിവാദങ്ങള്‍ ചിത്രത്തിന്റെ കളക്ഷനില്‍ വന്‍കുതിപ്പുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ നിന്നുമാത്രം അഞ്ചാം ദിവസമാവുമ്പോഴേക്കും 50 കോടി കളക്ട് ചെയ്യുന്ന സിനിമയായി എമ്പുരാന്‍ മാറി. ഇന്ത്യയ്ക്ക് പുറത്തുന്നിന്നും 85 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്.

കളക്ഷനില്‍ 48 മണിക്കൂര്‍ കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടനേടിയ ഏകമലയാള ചിത്രമെന്ന ചരിത്രം എമ്പുരാന്‍ സ്വന്തമാക്കിയിരുന്നു. രണ്ടുദിവസം കൊണ്ട് ഇത്രയും വലിയ നേട്ടം കൈവരിച്ച ബോളിവുഡ് ഇതരഭാഷാ ചിത്രങ്ങളുടെ പട്ടികയില്‍ ബാഹുബലി-2, കെ ജി എഫ്-2, പുഷ്പ-2 എന്നിവ മാത്രം. ബാഹുബലി 2 ആകെ നേടിയ കളക്ഷന്‍ 2400 കോടിയായിരുന്നു. ബാഹുബലി ഒന്നാം പാര്‍ട്ടിന്റെ കളക്ഷന്‍ 511.35 കോടിയായിരുന്നു. ഒരു ഇന്ത്യന്‍ സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ കൂടിയായിരുന്നു ബാഹുബലിയുടേത്. 6500 സ്‌ക്രീനുകളിലായിരുന്നു പ്രദർശനം.

1975ല്‍ റിലീസ് ചെയ്ത ഷോലെയായിരുന്നു 100 മില്യന്‍ ടിക്കറ്റ് വിറ്റ് റെക്കോര്‍ഡിട്ട ഇന്ത്യന്‍ സിനിമ. സിനിമാ ലോകം ഏറെക്കാലം ചര്‍ച്ച ചെയ്ത ഇന്ത്യന്‍ സിനിമയും ഷോലെയായിരുന്നു. ഒരു ബോളിവുഡ് ചിത്രത്തിനല്ലാതെ ഇന്ത്യയില്‍ വമ്പന്‍ ഹിറ്റുണ്ടാക്കാന്‍ കഴിയുമെന്ന് പിന്നീട് ഇന്ത്യന്‍ സിനിമാ ലോകം തിരിച്ചറിഞ്ഞു. തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങള്‍ ബോക്സോഫീസില്‍ ഹിറ്റുകളുണ്ടാക്കി. തെലുങ്ക് ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ വന്‍ തരംഗങ്ങള്‍ തീര്‍ത്തു.

ഇപ്പോഴിതാ ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മലയാളത്തില്‍ നിന്നും ഒരു ചിത്രം ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തരംഗമായിരിക്കുകയാണ്. ബോക്സോഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുള്ള എമ്പുരാന്റെ ജൈത്രയാത്ര തുടരുകയാണ്. മോഹന്‍ലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ എത്തിയ ബ്രഹ്‌മാണ്ഡചിത്രം എമ്പുരാന് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും അപൂര്‍വമായ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ സിനിമാ ലോകവും, മാധ്യമങ്ങളും വാനോളം പുകഴ്ത്തിക്കൊണ്ടിരിക്കുന്ന എമ്പുരാന്‍ അതിന്റെ ജൈത്രയാത്ര തുടരുമ്പോള്‍ കളക്ഷന്‍റെക്കോര്‍ഡുകളെല്ലാം തകര്‍ക്കപ്പെടുകയാണ്. ബാഹുബലിയുടെ വിജയം ഇന്ത്യന്‍ സിനിമയിലെ തെലുങ്കുവിജയം എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. പ്രദര്‍ശനത്തിനെത്തി പത്താം ദിവസം 1000 കോടി കളക്ട് ചെയ്ത ചിത്രമായിരുന്നു ബാഹുബലി. 2014 ല്‍ പ്രദര്‍ശനത്തിനെത്തിയ പി കെ ആയിരുന്നു കളക്ഷന്‍ റെക്കാര്‍ഡില്‍ മുന്നില്‍, പി കെ യുടെ റെക്കാര്‍ഡാണ് ബാഹുബലി 2 തകര്‍ത്തത്. 792 കോടിയാണ് പി കെ കളക്ട് ചെയ്തിരുന്നത്. എന്നാല്‍ ബാഹുബലിക്ക് ലഭിച്ച അഡ്വാന്‍സ് ബുക്കിംഗ് 36 കോടിയായിരുന്നുവെങ്കില്‍ 58 കോടിയാണ് എമ്പുരാന്‍ നേടിയത്. അന്ന് ബാഹുബലി തിരുത്തിയത് ദംഗല്‍ സൃഷ്ടിച്ച 18 കോടിയുടെ പ്രീ ബുക്കിംഗ് റെക്കോര്‍ഡായിരുന്നു. കബാലിയും ബാഹുബലിയും രണ്ടാം ദിനത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടി.

കേരളത്തില്‍ നിന്നും ബാഹുബലി കളകറ്റ് ചെയ്തത് 20 കോടിയായിരുന്നു. ഒരു അന്യഭാഷാ ചിത്രം കേരളത്തില്‍ നിന്നും നേടുന്ന ഏറ്റവും വലിയ കളക്ഷനായിരുന്നു അത്. അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പ 2 രാജ്യത്താകമാനം 175 കോടി ഒറ്റദിവസംകൊണ്ട് കളക്ഷന്‍ നേടിയപ്പോള്‍ കേരളത്തില്‍ 6.20 കോടിമാത്രമാണ് പുഷ്പ 2 നേടിയത്. ആര്‍ ആര്‍ ആര്‍, കെ ജി എഫ്, ബാഹുബലി എന്നീ ചിത്രങ്ങള്‍ നേടിയതിന് തുല്യമായൊരു കളക്ഷന്‍ റെക്കോര്‍ഡിലേക്കാണ് എമ്പുരാനും നടന്നുകയറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍ ആര്‍ ആര്‍ 133 കോടിയും കെ ജി എഫ് -2 166 കോടിയും ബാഹുബലി 133 കോടിയുമായിരുന്നു രണ്ടു ദിവസംകൊണ്ട് കളക്ട് ചെയ്ത്. 12500 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ച റെക്കോർഡ് പുഷ്പ 2വിനുമാത്രം അവകാശപ്പെട്ടതാണ്. തെലുങ്കിന് പുറമെ, മലയാളം, ഹിന്ദി, തമിഴ്, കന്നഡ, ബംഗാളി ഭാഷകളിലുമായാണ് പുഷ്പ 2 വമ്പന്‍ നേട്ടം കൈവരിച്ചത്.

100 കോടി ബജറ്റില്‍ നിര്‍മ്മിച്ച കെ ജി എഫ്2 1200 കോടി രൂപയാണ് കളക്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടി കെ ജി എഫ് 2. മൂന്നു ദിവസത്തെ കളക്ഷന്‍ 400 കോടിയായിരുന്നു. 210 കോടി ബജറ്റില്‍ നിര്‍മിച്ച പൊന്നിയന്‍ സെല്‍വന്‍ 2 കളക്റ്റ് ചെയ്തത് 500 കോടിയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ റിലീസ് സല്‍മാന്‍ഖാന്‍ നായകനായ സുല്‍ത്താന്റേതായിരുന്നു. 8000 സ്‌ക്രീനുകളിലായിരുന്നു സുല്‍ത്താന്‍ റിലീസ് ചെയ്തത്. 70 കോടി ബജറ്റില്‍ നിര്‍മ്മിച്ച സുല്‍ത്താന്‍ 554 കോടി രൂപയണ് കളക്റ്റ് ചെയ്തിരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*