സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ കേസെടുത്ത് എന്‍ഫോഴ്സ്മെന്‍റ് ഡയറകട്രേറ്റ്

കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ കേസെടുത്ത് എന്‍ഫോഴ്സ്മെന്‍റ് ഡയറകട്രേറ്റ്. ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇഡി കൊച്ചി യൂണിറ്റ് ആണ് കേസെടുത്തത്. കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം തുടരുന്നതിനിടെയാണ് ഇഡി നടപടി. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കും. കേസ് തള്ളണമെന്ന വിജിലന്‍സ് വാദമാണ് ഇന്ന് കോടതി പരിശോധിക്കുക. കരിമണല്‍ ഖനനത്തിന് സിഎംആര്‍എല്‍ കമ്പനിയ്ക്ക് വഴിവിട്ട് സഹായം നല്‍കിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എല്‍ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴല്‍നാടൻ്റെ ആരോപണം.

രേഖകള്‍ സഹിതമാണ് അദ്ദേഹം വിജിലന്‍സിന് പരാതി സമര്‍പ്പിച്ചത്. എന്നാല്‍ ഈ ഹര്‍ജി നിലനില്‍ക്കില്ലെന്നും ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിൻ്റെ തീരുമാനം വിജിലന്‍സിൻ്റെ പരിധിയില്‍ പരിശോധിക്കാനാകില്ലെന്നുമാണ് വിജിലന്‍സ് സ്വീകരിച്ച നിലപാട്. ഹര്‍ജി നേരത്തെ തന്നെ കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*