മാസപ്പടി വിവാദത്തില്‍ സിഎംആര്‍എല്ലിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് ഇഡി നോട്ടീസ്; ഇന്ന് ഹാജരാകണം

കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. സിഎംആര്‍എല്‍ ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ പി സുരേഷ് കുമാറിനാണ് നോട്ടീസ് അയച്ചത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ ഇന്നലെ ഉച്ചയോടെ തുടങ്ങിയ സിഎംആര്‍എല്‍ ജീവനക്കാരുടെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുകയാണ്. ഇന്നലെ രാത്രി മുഴുവനും ഇവരെ ഇഡി ചോദ്യം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ രാവിലെയോടെയാണ് മൂന്ന് സിഎംആര്‍എല്‍ പ്രതിനിധികള്‍ ഇഡിയ്ക്ക് മുന്നില്‍ ഹാജരായത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആരോഗ്യപ്രശ്‌നങ്ങളടക്കമുള്ള കാരണങ്ങള്‍ പറഞ്ഞു അദ്ദേഹം ഹാജരായിരുന്നില്ല. സിഎംആര്‍എല്‍ ചീഫ് ഫിനാന്‍സ് ഓഫീസര്‍, ഐടി മാനേജര്‍, സീനിയര്‍ ഐടി ഓഫീസര്‍ എന്നിവരാണ് ഇന്നലെ ഹാജരായിരുന്നത്. എന്നാല്‍ സിഎംആര്‍എല്‍ എംഡിയായ ശശിധരന്‍ കര്‍ത്തയുടെ മൊഴിയെടുക്കല്‍ നിര്‍ബന്ധമാണെന്ന നിലപാടിലാണ് ഇഡി.

ഇഡി നോട്ടീസിനെതിരെ കര്‍ത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധിയുണ്ടായിരുന്നില്ല. സിഎംആര്‍എല്ലും എക്‌സാലോജിക് കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. എക്‌സാലോജിക്കിന് സിഎംആര്‍എല്ലില്‍ നിന്ന് 1.72 കോടി ലഭിച്ചു എന്ന കണ്ടെത്തലായിരുന്നു കേസിന്റെ ആധാരം. ഐടി സേവനങ്ങളുടെ പ്രതിഫലം എന്ന നിലയിലാണ് ഈ പണം നല്‍കിയത് എന്നാണു വാദം. എന്നാല്‍ ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് പണം നല്‍കിയത് എന്ന പരാതികളെ തുടര്‍ന്ന് കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിന്റെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം ആരംഭിച്ചു.

ഇതിനു പിന്നാലെയാണ് ഇഡിയും കേസില്‍ അന്വേഷണം ആരംഭിച്ചത്. സിഎംആര്‍എല്ലില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാവും ഈ കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരെ ഇഡി ചോദ്യം ചെയ്യുക. മുഖ്യമന്ത്രിയുടെ മകള്‍ അടക്കമുളളവരെക്കൂടി വിളിച്ചുവരുത്താനുളള നീക്കത്തിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സി. ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മാസപ്പടി വിവാദം മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്തിക്കൊണ്ട് വന്നിരുന്നു.

ഏപ്രില്‍ 26ന് കേരളത്തില്‍ നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് വിഷയം വലിയ വിവാദമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കേരളത്തിലെ പ്രതിപക്ഷ കക്ഷിയായ യുഡിഎഫും മുഖ്യമന്ത്രിയുടെ മകളുടെ പങ്ക് ചൂണ്ടിക്കാട്ടി രംഗത്തെത്തി. എന്നാല്‍ വിഷയത്തില്‍ പ്രതികരിച്ച് തിരഞ്ഞെടുപ്പ് സമയത്ത് വിഷയം ചര്‍ച്ചയാക്കേണ്ടന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാറും സിപിഐഎമ്മും.

Be the first to comment

Leave a Reply

Your email address will not be published.


*