പാകിസ്താനെ തകര്‍ത്ത് ഇംഗ്ലണ്ടിന് ലോകകിരീടം

ഇംഗ്ലണ്ടിന് രണ്ടാം ടി20 ലോകകപ്പ് കിരീടം.  ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സും സാം കുറാനുമാണ് ഇംഗ്ലണ്ട് വിജയശിൽപ്പികൾ. ചരിത്രത്തിൽ ഒരേസമയം ടി20, ഏകദിന ലോക ടൈറ്റിൽസ് സ്വന്തമാക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. 

ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കി നില്‍ക്കെ 5 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ മറികടന്നു. 49 പന്തില്‍ നിന്ന് 1 സിക്‌സും 5 ഫോറുമടക്കം 53 റണ്‍സോടെ പുറത്താകാതെ നിന്ന ബെന്‍ സ്‌റ്റോക്ക്‌സിന്റെ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിന്‍റെ വിജയത്തിന് അടിത്തറയിട്ടത്.ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍ (26), ഹാരി ബ്രൂക്ക്‌സ് (20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനെ ആദ്യ ഓവറില്‍ തന്നെ  പാകിസ്താന്‍ ഞെട്ടിച്ചു. ഷഹീന്‍ അഫ്രീദി എറിഞ്ഞ പന്ത്  ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സിന്റെ (1) കുറ്റി തെറിപ്പിച്ചു. തുടര്‍ന്ന് നാലാം ഓവറില്‍ ഫിലിപ്പ് സാള്‍ട്ടിനെയും (10)  നഷ്ടമായി. എന്നാല്‍ സ്‌കോറിങ് വേഗം കുറയ്ക്കായിരുന്ന ബട്ട്‌ലര്‍ ഇംഗ്ലണ്ട്  ബാറ്റിങ്ങിനെ മുന്നോട്ടുനയിച്ചു. എന്നാല്‍ ആറാം ഓവറില്‍ ബട്ട്‌ലറെയും മടക്കി ഹാരിസ് റൗഫ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. 17 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 26 റണ്‍സായിരുന്നു ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലറിന്‍റെ സംഭാവന.

കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെയാണ് പാക് സ്കോർ 137-ൽ ഒതുങ്ങിയത്. നാല് ഓവറിൽ വെറും 10 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സാം കറനാണ് ഇംഗ്ലീഷ് ബൗളർമാരിൽ തിളങ്ങിയത്. ആദിൽ റഷീദും ക്രിസ് ജോർദനും രണ്ടു വിക്കറ്റ് വീഴ്ത്തി.28 പന്തിൽ നിന്ന് ഒരു സിക്സും രണ്ട് ഫോറുമടക്കം 38 റൺസെടുത്ത ഷാൻ മസൂദാണ് പാകിസ്താന്റെ ടോപ് സ്കോറർ.

Be the first to comment

Leave a Reply

Your email address will not be published.


*