
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ത്രില്ലർ ഫിനിഷിങ്ങിലേക്ക് കടക്കുകയാണ്. അവസാന റൗണ്ടിലെ അവസാന മത്സരത്തിന്റെ വിസിൽ വീഴുന്നത് വരെ ജേതാവ് ആരാണെന്ന ആകാംഷ നിലനിർത്തുന്നതിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഒരു മത്സരം ബാക്കി നിൽക്കെ ആഴ്‌സണലിന് 86 പോയിന്റും മാഞ്ചസ്റ്റർ സിറ്റിക്ക് രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ 85 പോയിന്റുമാണുള്ളത്. രണ്ട് പേർക്കും കിരീടം നേടാനുള്ള സാധ്യത ഒരു പോലെ നിലനിൽക്കുന്നു.
രണ്ട് മത്സരങ്ങളുള്ള മാഞ്ചസ്റ്റർ സിറ്റിക്കാണ് സാധ്യത കണക്കിൽ മുൻതൂക്കം. രണ്ട് കളിയും വിജയിക്കുകയാണെങ്കിൽ 91 പോയിന്റുമായി കിരീടം നേടാൻ സിറ്റിക്ക് കഴിയും. ലീഗ് ടോപ് സ്കോററായ ഏർലിങ് ഹാലണ്ടിലാണ് സിറ്റി പ്രതീക്ഷ അർപ്പിക്കുന്നത്. എവർട്ടണിനെതിരെയുള്ള ഒറ്റ മത്സരം മാത്രം ബാക്കിയുള്ള ആഴ്‌സണലിന് പരമാവധി നേടാൻ കഴിയുന്ന പോയിന്റുകൾ 89 ആണ്. എന്നാൽ കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും വിജയിച്ച എവർട്ടൺ തോൽവി അറിഞ്ഞിട്ടില്ല എന്നത് ആഴ്‌സണലിന് നെഞ്ചിടിപ്പേറ്റുന്ന കാര്യമാണ്. അതെ സമയം ആഴ്‌സണലും സിറ്റിയും കഴിഞ്ഞ അഞ്ചു മത്സരങ്ങളും തോൽവി അറിയാതെയാണ് സീസണിന്റെ അവസാനത്തിലേക്ക് കടക്കുന്നത്.
മാഞ്ചസ്റ്റർ സിറ്റി ലക്ഷ്യമിടുന്നത് തങ്ങളുടെ എട്ടാം കിരീടമാണ്. തുടർച്ചയായ നാലാം കിരീടവും. എന്നാൽ 2003-04 സീസണിൽ അവസാനമായി കിരീടം നേടിയ ആഴ്‌സണലിന് പിന്നീട് ഒരിക്കലും കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ മൂന്ന് തവണയാണ് ആഴ്‌സണൽ കിരീടം നേടിയിട്ടുള്ളത്.
Be the first to comment