എൻ്റെ ഭൂമി’ പദ്ധതി നാളെ മുതൽ

ഐക്യകേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി സംസ്ഥാനം പൂർണ്ണമായും അളക്കുന്ന ‘എൻ്റെ ഭൂമി’ എന്ന പദ്ധതിയ്ക്ക് ഈ വർഷത്തെ കേരളപ്പിറവി ദിനത്തിൽ ആരംഭം കുറിക്കുന്നു. കേരളം പൂര്‍ണ്ണമായും നാലുവര്‍ഷം കൊണ്ട് ഏറ്റവും ശാസ്ത്രീയമായ രീതിയില്‍ ഡിജിറ്റലായി സര്‍വെ ചെയ്ത് കൃത്യമായ റിക്കാര്‍ഡുകള്‍ തയ്യറാക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റല്‍ റീസര്‍വ്വെയുടെ ഉദ്ഘാടനം നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സർക്കാർ നയത്തിൻ്റെ ഭാഗമായാണ് അതിവിപുലമായ ഈ പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാനത്ത് റീസര്‍വെ നടപടികള്‍ 1966-ല്‍ ആരംഭിച്ചെങ്കിലും സാങ്കേതികമായ പരിമിതികൾ കാരണം ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തികൊണ്ട് ‘എൻ്റെ ഭൂമി’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ആകെ 858.42 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ പദ്ധതി നടത്തിപ്പിനായി ആദ്യഘട്ടത്തിന് 438.46 കോടി രൂപ റീബില്‍ഡ് കേരള ഇനീഷിയേറ്റീവില്‍ നിന്നും അനുവദിച്ചിട്ടുണ്ട്.

നാലു വര്‍ഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതിയിലേയ്ക്ക് വകുപ്പിലെ ജീവനക്കാരെ കൂടാതെ 1500 സര്‍വെയര്‍മാരും 3200 ഹെല്‍പ്പര്‍മാരും ഉള്‍പ്പെടെ 4700 പേരെ കരാറടിസ്ഥാനത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമിക്കും. പദ്ധതിയുടെ വിജയത്തിനായി ജനങ്ങളുടെ പൂർണ്ണ സഹകരണമുണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. 

Be the first to comment

Leave a Reply

Your email address will not be published.


*