കോട്ടയത്തെ കൊടുംചൂടിൽ സുരങ്ക കടന്ന് ഏലത്തോട്ടത്തിലേക്ക് ഒരു യാത്ര

നഗരത്തിലെ കൊടും ചൂടിൽ നിന്ന് ഇടുക്കിയിലെ ഏലത്തോട്ടത്തിലേക്ക് ഒരു യാത്ര പോകാം. അത് കാസർഗോഡിലെ സുരങ്ക കടന്നാണെങ്കിലോ? മടക്കം മറയൂരിന്റെ മുനിയറ കടന്നാകാം. നാഗമ്പടത്തെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ വിനോദസഞ്ചാരവകുപ്പ് ഒരുക്കിയ സ്റ്റാളിലാണ് സുരങ്കയും മുനിയറയും ഏലത്തോട്ടവുമൊരുക്കിയിരിക്കുന്നത്. കുന്നിൻചരുവിൽ ഭൂമിയ്ക്ക് സമാന്തരമായി തുരന്ന് വെള്ളം ശേഖരിക്കുന്ന തുരങ്കങ്ങളാണ് സുരങ്കകൾ. കാസർഗോഡാണ് ഇവ പ്രചാരത്തിലുള്ളത്.

കാട്ടിനുള്ളിൽ ഹൈറേഞ്ചിലെ കുളിരാസ്വദിക്കാൻ പ്രത്യേകം തയ്യാറാക്കിയ കുടിലും തയ്യാറാക്കിയിട്ടുണ്ട്. ശിലായുഗ ചരിത്രം വിളിച്ചോതുന്ന മുനിയറയാണ് മറ്റൊരാകർഷണം. മറയൂരിൽ വലിയ പാറകല്ലുകളുടെ നേർത്ത പാളി കൊണ്ട് നിർമിച്ചതാണിവ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അമ്പെയ്ത് ഉന്നം പരീക്ഷിക്കാനും അവസരമുണ്ട്. വിനോദസഞ്ചാരവകുപ്പിന്റെ വിവിധ നേട്ടങ്ങളെ കുറിച്ചും കാരവൻ ടൂറിസം, അഡ്വഞ്ചർ ടൂറിസം, ഹെറിറ്റേജ് ടൂറിസം, വാട്ടർ സ്‌പോർട്‌സ് ടൂറിസം തുടങ്ങിയ നവീന പദ്ധതികളെക്കുറിച്ചും അടുത്തറിയാനാകും.

സന്ദർശകരുടെ ഭാഗ്യ പരീക്ഷണത്തിന് ‘പ്ലേസ് പറഞ്ഞാൽ പ്രൈസ് ‘ എന്ന മത്സരവും സംഘടിപ്പിക്കുന്നുണ്ട്. കൂപ്പണിലെ സൂചനകൾ മനസ്സിലാക്കി വിനോദസഞ്ചാര കേന്ദ്രങ്ങൾ തിരിച്ചറിഞ്ഞാൽ തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് കെ.ടി.ഡി.സി റിസോർട്ടിൽ സൗജന്യ താമസത്തിന് അവസരം ലഭിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*