എന്റെ കേരളം പ്രദർശന വിപണനമേള; 20 ലക്ഷം രൂപയുടെ വിൽപ്പനയുമായി കുടുംബശ്രീ ഫുഡ് കോർട്ടുകൾ

കോട്ടയം: എന്റെ കേരളം പ്രദർശന വിപണനമേളയിൽ 20,98,190 രൂപയുടെ വിൽപ്പന നടത്തി കുടുംബശ്രീയുടെ ഫുഡ് കോർട്ട്. ജില്ലാ കുടുംബശ്രീ മിഷന്റെ 12 സ്റ്റാളുകളാണ് മേളയിൽ ഉണ്ടായിരുന്നത്. ആദ്യദിനം 1,69,590 രൂപയും, രണ്ടാം ദിനം 2,47,230 രൂപയുമാണ് വരുമാനം ലഭിച്ചത്.  2,92,530 രൂപ, 3,45,070 രൂപ, 3,55,160 രൂപ, 3,39,660 രൂപ,  3,48,950 രൂപ എന്നിങ്ങനെയാണ് യഥാക്രമം മൂന്നും നാലും അഞ്ചും ആറും ഏഴും ദിവസങ്ങളിലെ വരുമാനം.

വൈവിധ്യമാർന്ന തനത് രുചിക്കൂട്ടുകളൊരുക്കിയാണ് കുടുംബശ്രീ ഭക്ഷണ പ്രേമികളെ വരവേറ്റത്. തലശേരി ബിരിയാണി, കപ്പ ബിരിയാണി, ഹൈദരാബാദ് ബിരിയാണി, കാന്താരി ചിക്കൻ, വിവിധയിനം ജ്യൂസുകൾ എന്നിവയ്‌ക്കെല്ലാം പുറമെ കരിഞ്ചീരക കോഴിയായിരുന്നു മേളയിലെ പ്രധാന ആകർഷണം. കോട്ടയത്തിന്റെ കപ്പയും ബീഫും ഇടുക്കിക്കാരുടെ സ്വന്തം ഏഷ്യാഡും മേളയിൽ ഉണ്ടായിരുന്നു. പിടിയും കോഴിയും മേളയിൽ രുചി പെരുമ തീർത്തു.

വിവിധ ജില്ലയിൽ നിന്നുള്ള വിഭവങ്ങൾക്ക് പുറമേ ഹൈദരാബാദി ബിരിയാണി, ലസ്സി, ചോലെ ബട്ടൂര, ബഡാ പാവ്, ബട്ടർ പാവ് ബജി, തുടങ്ങിയ വെജിറ്റേറിയൻ വിഭവങ്ങളും നൂഡിൽസ്, ചിക്കൻ, വെജ് – ചിക്കൻ ഫ്രൈഡ് റൈസ്, ചിക്കൻ മോമോസ്, സ്പ്രിംഗ് പൊട്ടറ്റോ, ഭേൽപൂരി, സേവ്പൂരി എന്നിവയും ഫുഡ് കോർട്ടിൽ വിളംബി. മുന്തിരി ,പൈനാപ്പിൾ,പച്ചമാങ്ങ കാന്താരി ജ്യൂസ് എന്നിങ്ങനെ വിവിധജ്യൂസുകളും ഫുഡ് കോർട്ടിൽ ഉണ്ടായിരുന്നു. പല രുചികളിലുള്ള ഐസ്‌ക്രീമും ആയി മിൽമയും സ്റ്റാൾ ഒരുക്കി. എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായ കുടുംബശ്രീ ഫുഡ് കോർട്ടിൽ ആയിരക്കണക്കിനുപേരാണ് രുചിപ്പെരുമ ആസ്വദിക്കാനെത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*