എൻ്റെ കേരളം പ്രദർശന-വിപണന മേള മേയ് 16 മുതൽ 22 വരെ കോട്ടയം നാഗമ്പടം മൈതാനത്ത്

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എൻ്റെ കേരളം പ്രദർശന-വിപണന മേള മേയ് 16 മുതൽ 22 വരെ കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കും. കോട്ടയം കെ.പി.എസ്. മേനോൻ ഓഡിറ്റോറിയത്തിൽ നടന്ന എന്റെ കേരളം പ്രദർശന-വിപണന മേളയുടെ ജില്ലാതല സംഘാടകസമിതി രൂപീകരണയോഗത്തിൽ ബഹു. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി, എം.എൽ.എമാരായ സി.കെ. ആശ, അഡ്വ. ജോബ് മൈക്കിൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.വി. സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ. മേനോൻ, ഐ-പിആർഡി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.

42000 ചതുരശ്ര അടി ശീതീകരിച്ച പവിലിയനിൽ നടക്കുന്ന മേളയിൽ 200 പ്രദർശന-വിപണന സ്റ്റാളുകൾ ഒരുങ്ങും. സർക്കാരിന്റെ വിവിധ സേവനങ്ങൾ സൗജന്യമായി സ്റ്റാളുകളിലൂടെ പൊതുജനങ്ങൾക്കു ലഭ്യമാക്കും.യുവതയുടെ കേരളം, കേരളം ഒന്നാമത് എന്നീ ആശയങ്ങളിലൂന്നിയാണ് മേള നടക്കുക. മേളയുടെ ഭാഗമായി മേയ് 16ന് പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് നാഗമ്പടം മൈതാനത്തേക്കു വർണാഭമായ ഘോഷയാത്ര നടക്കും. മേളയുടെ ഉദ്ഘാടനം മേയ് 16ന് നാഗമ്പടം മൈതാനത്ത് പ്രത്യേക വേദിയിൽ നടക്കും. മേളയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന വിപുലമായ ഭക്ഷ്യമേള ഒരുക്കും. എല്ലാദിവസവും പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികളുണ്ടായിരിക്കും. വിവിധ വകുപ്പുകളുടേയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സെമിനാറുകൾ, ബിസിനസ് ടു ബിസിനസ് മീറ്റുകൾ, ശിൽപശാല എന്നിവ നടക്കും. യുവജനങ്ങൾക്കായി എംപ്‌ളോയ്‌മെന്റ്, വിദ്യാഭ്യാസ സ്റ്റാളുകൾ പ്രത്യേകമായി ഒരുക്കും.

Be the first to comment

Leave a Reply

Your email address will not be published.


*