കേരളത്തിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനായി വ്യവസായ വകുപ്പ് ആവിഷ്‌കരിച്ച സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി പുതുതായി നിലവിൽ വന്ന സംരംഭങ്ങളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. പദ്ധതി ആരംഭിച്ച 2022 ഏപ്രിൽ ഒന്നു മുതൽ 2023 ഡിസംബർ 29 വരെ 2,01,518 സംരംഭങ്ങൾ സംസ്ഥാനത്ത് പുതുതായി ആരംഭിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
12,537 കോടി രൂപയുടെ നിക്ഷേപവും 4,30,089 തൊഴിലുമാണ് പദ്ധതിയുടെ ഭാഗമായി ഉണ്ടായത്. പുതുതായി ആരംഭിച്ച സംരംഭങ്ങളിൽ മൂന്നിലൊന്നും (64,127) വനിതാ സംരംഭകരുടേതാണ്. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സംരംഭകരുടെ 8,752 സംരംഭങ്ങളും ഇതിൽ ഉൾപ്പെടുന്നു. 2022 -23ൽ ആവിഷ്‌കരിച്ച പദ്ധതി സംരംഭക വർഷം 2.0 എന്ന പേരിലാണ് ഈ സാമ്പത്തിക വർഷം തുടർന്നത്. ഇതിന്റെ ഭാഗമായി 2023 ഏപ്രിൽ ഒന്നു മുതൽ ഇതുവരെ 61,678 പുതിയ സംരംഭങ്ങൾ രജിസ്റ്റർ ചെയ്തു. 4115 കോടി രൂപയുടെ നിക്ഷേപവും 1,30,038 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടതായും മന്ത്രി പറഞ്ഞു.
സംരംഭക വർഷത്തിന്റെ ഭാഗമായി പുതിയ സംരംഭങ്ങളെ വിപുലപ്പെടുത്താൻ കൂടുതൽ പദ്ധതികൾക്ക് വ്യവസായ വകുപ്പ് രൂപം നൽകിയിട്ടുണ്ട്. കേരളത്തിലെ എം.എസ്.എം.ഇ കളിൽ നിന്നും തിരഞ്ഞെടുത്ത 1000 സംരംഭങ്ങളെ ശരാശരി 100 കോടി വിറ്റുവരവ് ഉള്ള യൂണിറ്റുകളായി നാല് വർഷത്തിനുള്ളിൽ ഉയർത്താനുള്ള ‘മിഷൻ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Be the first to comment