ഇപി കുടുംബത്തിന്റെ വൈദേകം ആയുർവേദ റിസോർട്ട് കേന്ദ്രമന്ത്രി രാജീവിന്റെ ഉടമസ്ഥതയിലുള്ള ‘നിരാമയ റിട്രീറ്റ്സ്’ ഏറ്റെടുത്തു

കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള വൈദേകം ആയുർവേദ റിസോർട്ട് നടത്തിപ്പ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്. രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള ജൂപ്പിറ്റർ ക്യാപ്പിറ്റലിനു കീഴിലെ “നിരാമയ റിട്രീറ്റ്സ്’ എന്ന സ്ഥാപനമാണ് റിസോർട്ടിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. ശനിയാഴ്ചയാണ് ഇരു കമ്പനികളും കരാറിൽ ഒപ്പുവച്ചത്. ഇന്നലെ മുതൽ സ്ഥാപനത്തിന്റെ പൂർണ നടത്തിപ്പ് “നിരാമയ റിട്രീറ്റ്സ്’ ഏറ്റെടുത്തു.

എൽഡിഎഫ് നേതാവിന്റെ റിസോർട്ട് ബിജെപി നേതാവിന് നൽകുന്നത് ഒരു കൊടുക്കൽ വാങ്ങലാണെന്ന്, കരാർ സംബന്ധിച്ച വാർത്ത പുറത്തുവന്ന സമയത്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പരിഹസിച്ചിരുന്നു. ഇ.പി.ജയരാജൻ ബുദ്ധിമുട്ടിൽ ആയപ്പോൾ രക്ഷിക്കാൻ ബിജെപി നേതാവ് വന്നെന്നും അവർ തമ്മിൽ സ്നേഹമുണ്ടെന്നും സതീശൻ വ്യക്തമാക്കുകയും ചെയ്തു.

നേരത്തെ, ആയുർവേദ ചികിത്സാ രംഗത്തുള്ള പ്രമുഖ സ്ഥാപനത്തെയായിരുന്നു വൈദേകത്തിലെ ചികിത്സാ നടത്തിപ്പ് ഏൽപിച്ചിരുന്നത്. ഈ സ്ഥാപനത്തെ പങ്കാളിയാക്കിയതിനു പിന്നിൽ വൈദേകത്തിന്റെ ഡയറക്ടർമാരിൽ ഒരാൾ കള്ളക്കളി നടത്തിയെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് ഇവരുമായുള്ള കരാർ റദ്ദാക്കി. തുടർന്നാണ് പുതിയ പങ്കാളിയെ കണ്ടെത്താൻ വൈദേകം ശ്രമം തുടങ്ങിയത്.

Be the first to comment

Leave a Reply

Your email address will not be published.


*