കോപ്പിയടിച്ച് പരീക്ഷ ജയിക്കുന്നത് പോലെയല്ല കോടതിയിൽ ജയിക്കുന്നത്; മാത്യു കുഴൽനാടനെ പരിഹസിച്ച് ഇ പി ജയരാജൻ

സിഎംആർഎൽ – എക്സാലോജിക് ദുരൂഹ ഇടപാടിൽ വിജിലൻസ് അന്വേഷണം വേണ്ടെന്നുള്ള ഹൈക്കോടതി വിധിയിൽ മാത്യു കുഴൽനാടനെ പരിഹസിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. കോപ്പി അടിച്ച് പരീക്ഷ പാസാകും പോലെയല്ല കേസും കോടതിയിലെ വാദങ്ങളും എന്ന് ഇ പി ജയരാജൻ പരിഹസിച്ചു. കുഴൽനാടനെ ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിച്ച് ശാസിക്കണമെന്നും, മുഖ്യമന്ത്രിയോടും മകളോടും ജനങ്ങളോടും മാപ്പ് പറയണമെന്നും ഇ പി ജയരാജൻ പറഞ്ഞു.

കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും മുഖ്യമന്ത്രിയും, മകളും, വിവിധ രാഷ്ട്രീയ നേതാക്കളും പണം വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികളാണ് ഹൈക്കോടതി തള്ളിയത്. സിഎംആർഎല്ലിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎയുടെ ആവശ്യം. ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു. അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കുറ്റകൃത്യം ഹർജിയിലോ നൽകിയ രേഖകളിലോ കണ്ടെത്താനായില്ലെന്നായിരുന്നു കോടതി നിരീക്ഷണം. തുടർന്ന് മാത്യു സമർപ്പിച്ച പുനഃപരിശോധന ഹർജിയാണ് ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ച് തള്ളിയത്. അതേസമയം, ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരാമർശം അനാവശ്യം എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കി.

സംശയം തോന്നിക്കുന്ന രേഖകള്‍ മാത്രമാണ് മാത്യൂ കുഴല്‍നാടന്‍ നല്‍കിയത്. സംശയത്തിന്റെ പുറത്ത് പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം നടത്താനാവില്ല. ഇത് പൊതുപ്രവര്‍ത്തകരെ കളങ്കപ്പെടുത്തുന്നതിന് കാരണമാകും. പൊതുപ്രവര്‍ത്തകരെ പ്രതിയാക്കി വിളിച്ചുവരുത്തുന്ന നടപടി ഗൗരവതരമാണെന്നും ഇത് പൊതുപ്രവര്‍ത്തകരുടെ അന്തസിനെയും മാന്യതയെയും കളങ്കപ്പെടുത്തുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസിൽ വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ മാത്യൂ കുഴല്‍നാടന് കഴിഞ്ഞില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എല്ലാവരുമായി ആലോചിച്ച് തുടർ നിയമനടപടി സ്വീകരിക്കുമെന്ന് മാത്യു കുഴൽനാടന്റെ പ്രതികരണം.

ഇതിനിടെ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ഡയറി തെളിവായി സ്വീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാസപ്പടി വിവരങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും പ്രഥമദൃഷ്ട്യാ തെളിവല്ലാത്ത രേഖകള്‍ കോടതിക്ക് കേസെടുക്കാനുള്ള തെളിവായി സ്വീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിശ്വാസ്യതയുള്ള രേഖകളുടെ അഭാവത്തില്‍ മാസപ്പടി രേഖകള്‍ പരിഗണിക്കാനാവില്ലെന്നതാണ് കോടതി നിലപാട്.

Be the first to comment

Leave a Reply

Your email address will not be published.


*