‘ആത്മകഥ വിവാദം’ രാഷ്‌ട്രീയ ഗൂഢാലോചന; പുറകിൽ ആരെന്ന് കണ്ടെത്തും: ഇപി ജയരാജൻ

കാസർകോട്: ആത്മകഥ വിവാദം കത്തിപ്പടരുന്നതിനിടെ ഡിസി ബുക്‌സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആരോപണങ്ങൾക്ക് പുറകിൽ രാഷ്ട്രീയ ഗൂഡാലോചനയെന്നും
മുതിർന്ന നേതാവും സിപിഎം കേന്ദ്രകമ്മറ്റി അംഗവുമായഇ പി ജയരാജൻ.
ഗൂഢാലോചന വെളിച്ചത്ത് വരണം. ഇതിന് പുറകിൽ ആരെന്ന് കണ്ടെത്തുമെന്നും ഇപി ജയരാജൻ കാസർകോട് പറഞ്ഞു.

എസ്‌എൻഡിപി നേതാവുമായി ഇപിയ്ക്ക് ബന്ധമെന്ന ആരോപണത്തിൽ
അനിൽ അക്കരയ്ക്ക് മാനസിക രോഗമാണെന്നും മാങ്ങയുള്ള മാവിലെ കല്ലേറ് ഉണ്ടാവൂ എന്നും ഇപി ജയരാജൻ കൂട്ടി ചേർത്തു. അതേസമയം ഉപതെരഞ്ഞെടുപ്പ് പോളിങ്‌ ദിനത്തിൽ ഇപി ജയരാജന്‍റെ ആത്മകഥ വിവാദം കത്തുകയാണ്.

ഡിസി ബുക്ക് പ്രസിദ്ധീകരിക്കുന്ന “കട്ടൻ ചായയും പരിപ്പു വടയും ഒരു കമ്മ്യൂണിസ്റ്റിന്‍റെ ജീവിതം” എന്ന ആത്മകഥയിലെ ഭാഗങ്ങൾ പുറത്ത് വന്നതാണ് വിവാദമായത്. പാലക്കാടെ സ്ഥാനാർഥി പി സരിൻ അവസരവാദിയാണെന്നും പുസ്‌തകത്തിൽ വിമർശനമുണ്ട്.
പി. സരിൻ അവസര വാദിയാണ്. സ്വതന്ത്രർ വയ്യാവേലി ആകുന്നത് ഓർക്കണം. ഇഎംഎസ്‌ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. പിവി അൻവറിന്‍റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപി സരിന്‍റെ സ്ഥാനാർഥിത്വത്തെ വിമർശിക്കുന്നത്.

എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി എന്നെ മനസിലാക്കിയില്ലെന്നുമടക്കം തുറന്നടിക്കുന്നതാണ് ജയരാജന്‍റെ ആത്മകഥ.
ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ കൂടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആത്മകഥയിലെ പ്രധാന പരാമർശം.

ദേശാഭിമാനി ബോണ്ട് വിവാദവും ഇപി പുസ്‌തകത്തിൽ പരാമർശിക്കുന്നു. വിവാദ വ്യവസായി സാന്‍റിയാഗോ മാർട്ടിനുമായി ഞാൻ ഒരു ചർച്ചയും നടത്തിയില്ല. ചർച്ച ചെയ്‌തത് മാർക്കറ്റിങ്‌ മേധാവി വേണുഗോപാലായിരുന്നു. സെക്രട്ടറിയേറ്റ് തീരുമാനം അനുസരിച്ചാണ് ബോണ്ടായി 2 കോടി മുൻകൂർ വാങ്ങിയത്. പക്ഷേ പ്രശ്‌നം വഷളാക്കിയത് അന്ന് പാർട്ടിക്കുളളിൽ നിലനിന്ന വിഭാഗീയതയാണ്. വി എസ് അച്യുതാനന്ദൻ ഇത് ആയുധമാക്കി. താൻ മരിക്കും വരെ സിപിഎം ആയിരിക്കുമെന്നും പാർട്ടി വിടുമെന്ന് സ്വപ്‌നം കണ്ടാൽ താൻ മരിച്ചുവെന്നർഥമെന്നും ഇപി പുസ്‌തകത്തിൽ പരാമർശിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*