‘രാഷ്ട്രീയ കക്ഷികള്‍ക്ക് തുല്യത ഉറപ്പാക്കണം’; തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ അഞ്ച് ആവശ്യങ്ങളുമായി ഇന്ത്യ സഖ്യം

രാജ്യത്തെ പൊതു തിരഞ്ഞെടുപ്പ് കൃത്യമായി നടക്കാന്‍ സുപ്രീം കോടതിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും മുന്നില്‍ നിര്‍ദേശങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ഡല്‍ഹിയില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയക ഗാന്ധിയാണ് ഇന്ത്യ സഖ്യത്തിന് വേണ്ടി അഞ്ച് പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചത്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ പ്രതിസന്ധിയിലാക്കുന്നത് തടയണമെന്നത് മുതല്‍ അന്വേഷണങ്ങള്‍ക്ക് സുപ്രീം കോടതി മേല്‍നോട്ടം വഹിക്കണം എന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്നത്.

തിരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികൾക്കും തുല്യത ഉറപ്പാക്കണം. തിരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്താൻ കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളായ ഇഡിയും സിബിഐയും ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കൾക്ക് നേരെ കൃത്യമായ അജണ്ടയോടെ നടത്തുന്ന അന്വേഷണ-പരമ്പര അവസാനിപ്പിക്കണം.

ഡൽഹി മദ്യനയ കേസിൽ ഇ ഡി കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലിൾ കഴിയുന്ന ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെയും ഉടൻ മോചിപ്പിക്കണം.

തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ പാർട്ടികളെ സാമ്പത്തികമായി തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ അവസാനിപ്പിക്കണം. കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി തുടങ്ങിയ കേസുകളിൽ അന്വേഷണം സുപ്രീം കോടതിയുടെ നിരീക്ഷണത്തിൽ പ്രത്യേക അന്വേഷണസംഘം പരിശോധിക്കണം തുടങ്ങിയവയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യ സഖ്യം മുന്നോട്ടുവെച്ചിട്ടുള്ള അഞ്ച് ആവശ്യങ്ങൾ.

Be the first to comment

Leave a Reply

Your email address will not be published.


*