ഈരാറ്റുപേട്ട നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുള്‍ ഖാദര്‍ രാജി തീരുമാനം പിന്‍വലിച്ചു

കോട്ടയം: ഈരാറ്റുപേട്ട നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുള്‍ ഖാദര്‍ രാജി തീരുമാനം പിന്‍വലിച്ചു. മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നായിരുന്നു രാജി തീരുമാനം. പാര്‍ട്ടിയും മുന്നണിയും പിന്തുണ ഉറപ്പ് നല്‍കിയതോടെയാണ് പിന്‍മാറ്റം. ഭരണം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നും പാര്‍ട്ടിക്കും മുന്നണിക്കും താന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ബോധ്യപ്പെട്ടെന്നും സുഹ്‌റ അബ്ദുള്‍ ഖാദര്‍ പറഞ്ഞു. എട്ടാം വാര്‍ഡ് പ്രതിനിധിയായ സുഹ്‌റ മൂന്നര വര്‍ഷമായി നഗരസഭ അധ്യക്ഷയാണ്. ലീഗ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ഇവര്‍ രാജിക്കത്ത് മുസ്‌ലീംലീഗ് മണ്ഡലം പ്രസിഡന്റിന് കൈമാറിയത്.

ഇതിനിടെ സുഹ്റ അബ്ദുല്‍ ഖാദറിനെതിരേ അഴിമതി ആരോപണവുമായി സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷിജി ആരിഫ് രംഗത്തെത്തിയിരുന്നു. സിഡിഎസ് ചെയര്‍പേഴ്സന്റെ ഓഫീസ് മുന്നറിയിപ്പില്ലാതെ നഗരസഭാ ഓഫീസില്‍നിന്ന് ഒഴിപ്പിച്ചതായും നഗരോത്സവത്തിന് ഫണ്ട് അനുവദിക്കുന്നതില്‍ അഴിമതിയുള്ളതായും ഇവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.

എന്നാല്‍, തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ നിന്ന് പാര്‍ട്ടിയില്‍ നിന്നോ നേതൃത്വത്തില്‍ നിന്നോ പിന്തുണ ലഭിക്കുന്നില്ലെന്ന പദരാതി ഇവര്‍ ഉന്നയിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു രാജിക്കത്ത് കൈമാറിയത്.

Be the first to comment

Leave a Reply

Your email address will not be published.


*