ചര്‍ച്ച ഫലം കണ്ടു: എറണാകുളം – അങ്കമാലി അതിരൂപത തര്‍ക്കം സമവായത്തിലേക്ക്

സീറോ-മലബാർ സഭ  എറണാകുളം- അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കം സമവായത്തിലേക്ക്. പ്രതിഷേധ പ്രാര്‍ത്ഥന യജ്ഞം നടത്തിയ 21 വൈദികരും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമവായ സാധ്യതകള്‍ തെളിഞ്ഞത്. എറണാകുളം ജില്ലാ കലക്ടര്‍ ഔദ്യോഗിക വിഭാഗവുമായും അതിരൂപതാ സംരക്ഷണ സമിതിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പ്രതിഷേധിക്കുന്ന വൈദികരുമായി ചര്‍ച്ച നടത്താനുള്ള ജോസഫ് പാംപ്ലാനിയുടെ തീരുമാനം. പ്രതിഷേധിച്ച് 21 വൈദികരും ബിഷപ്പ് ഹൗസില്‍ നിന്ന് പോകാം എന്ന് രാത്രി സമ്മതിച്ചിരുന്നു. ഈ മാസം 20ന് മുന്‍പ് ബിഷപ്പ് ഹൗസ് പോലീസ് മുക്തമാക്കി വിശ്വാസികള്‍ക്ക് തുറന്നു നല്‍കും.

ശുഭപ്രതീക്ഷയോടെയാണ് മടക്കം എന്ന് വൈദികര്‍ പ്രതികരിച്ചു. തുറന്നു മനസ്സോടെ ചര്‍ച്ചകള്‍ നടത്താമെന്ന് പാംപ്ലാനി പിതാവ് ഉറപ്പു നല്‍കിയതായും അവര്‍ പ്രതികരിച്ചു. അടുത്തഘട്ട ചര്‍ച്ച 20 നെന്നും വൈദികര്‍ പറഞ്ഞു. തങ്ങള്‍ മുന്നോട്ടു വച്ച കാര്യങ്ങള്‍ പരിഗണിച്ചു. പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷ ഉണ്ട്. പാംപ്ലാനിയുടെ ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നതാണ്. നമ്മുടെ വൈദികര്‍ എന്നാണ് പാംപ്ലാനി വിശേഷിപ്പിച്ചത് – വൈദികര്‍ വ്യക്തമാക്കി.

പുതിയ കൂരിയ അംഗങ്ങളെ നിയമിക്കാനുള്ള നടപടികളിലേക്ക് കടക്കുമെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കിയതായും വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഉറപ്പ് മാര്‍ ജോസഫ് പാംപ്ലാനി വൈദികര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌ന പരിഹാരത്തിന്റെ പുതിയ തുടക്കമെന്നും കുര്‍ബാന തര്‍ക്കം പഠിക്കാന്‍ ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ടെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. വൈദികര്‍ അത് പോസറ്റീവായാണ് എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. സഭ എന്നും പ്രശ്‌ന രഹിതമായിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംഘര്‍ഷത്തില്‍ വൈദികര്‍ക്കെതിരെ എടുത്ത നടപടി മേലുദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പോലീസും വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*