എറണാകുളം- അങ്കമാലി അതിരൂപതയില്‍ ക്രിസ്മസിന് സമ്പൂര്‍ണ സിനഡ് കുര്‍ബാന അര്‍പ്പിക്കും

എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഡിസംബര്‍ 25 ന് സമ്പൂര്‍ണ സിനഡ് കുര്‍ബാന അര്‍പ്പിക്കും. കത്തീഡ്രല്‍ ബസലിക്കയില്‍ ആദ്യ ഏകീകൃത കുര്‍ബാന ക്രിസ്മസ് ദിനത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ അര്‍പ്പിക്കും. ഫാ. ആന്റണി പൂതവേലിയെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തും. അതിരൂപത കൂരിയ അംഗങ്ങള്‍ സഹകാര്‍മികരാകും.

തുടര്‍ന്ന് ഈസ്റ്റര്‍ വരെ 1:1 ക്രമത്തില്‍ ജനാഭിമുഖ കുര്‍ബാനയും ഏകീകൃത കുര്‍ബാനയും നടത്താന്‍ അനുവദിക്കണമെന്നാണ് അതിരൂപതയുടെ ആവശ്യം. ഈസ്റ്റര്‍ മുതല്‍ സമ്പൂര്‍ണ ഏകീകൃത കുര്‍ബാനയിലേക്ക് മാറാമെന്നും നിര്‍ദ്ദേശമുണ്ട്.

തീര്‍ഥാടന കേന്ദ്രങ്ങളില്‍ മറ്റ് രൂപതകളില്‍ നിന്നുവരുന്ന വൈദികര്‍ക്ക് സിനഡ് കുര്‍ബാന അര്‍പ്പിക്കാം. എറണാകുളം അതിരൂപതയില്‍ വരുന്ന ബിഷപ്പ്മാര്‍ക്കും ഏകീകൃത കുര്‍ബാന അര്‍പ്പിക്കാം. മൈനര്‍ സെമിനാരിയിലും സന്യാസ ഭവനങ്ങളിലും ഡിസംബര്‍ 25 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാമെന്നും അതിരൂപതയുടെ നിര്‍ദേശമുണ്ട്.

നിര്‍ദേശങ്ങള്‍ പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിലേക്ക് സമര്‍പ്പിച്ചു. എന്നാല്‍ സമ്പൂര്‍ന്ന ഏകീകൃത കുര്‍ബാന ഡിസംബര്‍ 25 മുതല്‍ എറണാകുളം- അങ്കമാലി അതിരൂപതയില്‍ പൂര്‍ണമായും നടപ്പാക്കണമെന്ന മാര്‍പാപ്പായുടെ നിര്‍ദ്ദേശം മാറ്റാന്‍ വത്തിക്കാന്‍ തയാറായേക്കില്ല. ഇന്ന് വത്തിക്കാന്‍ കാര്യാലയങ്ങള്‍ അവധിയായതിനാല്‍ തീരുമാനം നാളെയേ ഉണ്ടാവൂ.

ധാരണാനിര്‍ദേശങ്ങള്‍ വത്തിക്കാന്‍ തള്ളിയാല്‍ പ്രതിസന്ധി വീണ്ടും രൂക്ഷമാകും. അങ്ങനെയെങ്കില്‍ സീറോ- മലബാര്‍ സഭയില്‍ ജനാഭിമുഖ കുര്‍ബാന വിലക്കി മാര്‍പാപ്പാ ഉത്തരവിറക്കും. ഇതോടെ ഈ കുര്‍ബാന അര്‍പ്പിക്കുന്നവര്‍ക്കും ഇതില്‍ പങ്കെടുക്കുന്നവര്‍ക്കും വിലക്കുണ്ടാകും.

 

Be the first to comment

Leave a Reply

Your email address will not be published.


*