വിവാഹം കഴിഞ്ഞത് മുതൽ പീഡനം തുടങ്ങി, ഷൈനി ഭർത്താവിൽ നിന്ന് നേരിട്ടത് ക്രൂര മർദ്ദനം; ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടെയും മരണത്തിൽ കുടുംബം

ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ ഷൈനിയും രണ്ട് പെൺമക്കളും റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കല്യാണം കഴിഞ്ഞ നാൾ മുതൽ ഷൈനി ഭർത്താവിന്റെ വീട്ടിൽ പീഡനം നേരിട്ടിരുന്നിരുന്നു. പീഡന വിവരം പലപ്പോഴും മകൾ വീട്ടിൽ അറിയിച്ചിരുന്നുവെന്നും ഷൈനിയുടെ പിതാവ് കുര്യാക്കോസ്.

ഭർത്താവ് നോബി ബന്ധുക്കളുടെ മുന്നിൽ വെച്ച് ഷൈനിയെ മർദ്ദിക്കുകയും കാലിൽ ചവിട്ടുകയും ചെയ്തിരുന്നു അതിന് ശേഷം വീട്ടിൽ നിന്നും ഇറക്കി വിടുകയായിരുന്നുവെന്നും, ഈ വിവരങ്ങളെല്ലാം നോബിയുടെ കസിൻസ് തന്നോട് വന്ന പറഞ്ഞപ്പോഴാണ് മകളെയും കുട്ടികളെയും കൂട്ടികൊണ്ടു വന്നതെന്നും കുര്യാക്കോസ് പറഞ്ഞു. മരിച്ചതിന് തലേന്ന് നോബി ഫോൺ വിളിച്ച് ഷൈനിയോട് “കുഞ്ഞുങ്ങളെയും കൊണ്ട് ഇരിക്കാതെ പോയി മരിച്ചുടേ” എന്ന് പറഞ്ഞു.

പെൺകുട്ടികളെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാൻ ഷൈനി ശ്രമിച്ചിരുന്നുവെന്ന് കെയർ ഹോമിന്റെ ഉടമ. ഷൈനി നാല് മാസം ജോലി ചെയ്തിരുന്നത് ഈ സ്ഥാപനത്തിലായിരുന്നു. ജോലിക്കെത്തിയ ഷൈനിയുടെ മുഖത്ത് മർദ്ദനത്തിന്റെ പാടുകൾ ഉണ്ടായിരുന്നു. ഭർത്താവ് തന്നെ സ്ഥിരമായി മർദ്ദിക്കുമായിരുന്നുവെന്ന് ഷൈനി തന്നോട് പറഞ്ഞിരുന്നു. മർദ്ദനത്തിന് പിന്നാലെ ഷൈനി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്നും കെയർ ഹോം ഉടമ പറഞ്ഞു.

9 മാസം മുൻപ് ഷൈനിയെ നോബിയുടെ വീട്ടിൽ നിന്ന് ഇറക്കി വിട്ടതാണ്. ഭർത്താവിന്റെ വീട്ടിൽ ഷൈനിക്ക് വേലക്കാരിയുടെ സ്ഥാനമായിരുന്നു. നോബിയുടെ ക്യാൻസർ രോഗിയായ അച്ഛന്റെ കാര്യങ്ങളടക്കം നോക്കിയിരുന്നത് ഷൈനിയായിരുന്നു. ജോലിക്കായി പല ആശുപത്രികളും ഷൈനി ശ്രമിച്ചിരുന്നുവെങ്കിലും അതെല്ലാം ഭർത്താവ് നോബി ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട ഷൈനിക്ക് ജോലി കിട്ടാത്തത് നിരാശയാണ് ഉണ്ടാക്കിയത്. ഇതിനൊപ്പം വിവാഹമോചന കേസ് നീണ്ട് പോകുന്നതും മാനസിക പ്രയാസത്തിലേക്ക് നയിച്ചിരുന്നു.

അതേസമയം, ഷൈനി മരിക്കുന്നതിന് മുൻപ് കൂട്ടുകാരിക്കയച്ച ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. വിവാഹമോചനത്തിന് ഭര്‍ത്താവ് സഹകരിക്കുന്നില്ലെന്നും കേസ് നീണ്ടുപോകുകയാണെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയായ ഷൈനിയും പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീനയും ഇവാനയും നിലമ്പൂർ എക്സ്പ്രസ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യക്ക് പിന്നാലെ അസ്വാഭാവിക മരണത്തിന് മാത്രം കേസെടുത്തിരുന്ന ഏറ്റുമാനൂർ പൊലീസ് പ്രതിക്കെതിരെ ഉയർന്ന കടുത്ത ജനരോഷത്തിനും മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനും പിന്നാലെയാണ് ഭർത്താവ് നോബിക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തുന്നത്. നോബിക്കെതിരായി തൊടുപുഴ സ്റ്റേഷനിൽ ഷൈനി നൽകിയ ഗാർഹിക പീഡന പരാതിയും നിലവിലുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*