ആധുനിക നിലവാരത്തിൽ പണികഴിപ്പിച്ച ഏറ്റുമാനൂർ ഐ.ടി.ഐ. ഉദ്ഘാടനം ഇന്ന്

കിഫ്ബി വഴി 7.67 കോടി രൂപ ചെലവഴിച്ചു നിർമിച്ച ഏറ്റുമാനൂർ ഐ.ടി.ഐയുടെ പുതിയ മന്ദിരം ഇന്ന് വൈകിട്ട് ആറുമണിക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, മുൻ നിയമസഭാംഗം സുരേഷ് കുറുപ്പ്, ഏറ്റുമാനൂർ ബ്ലോക്ക് പ്രസിഡന്റ് ആര്യ രാജൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, കോട്ടയം ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്തംഗം ആൻസ് വർഗീസ് ആലഞ്ചേരി തുടങ്ങിയവർ പങ്കെടുക്കും.

മൂന്നുനിലകളിലായാണ് പുതിയ ഐ.ടി.ഐ. മന്ദിരം. രാജ്യാന്തര നിലവാരത്തിലുള്ള ആറു ക്ലാസ് മുറികൾ, ഓഫീസ് മുറി, വർക്ക് ഷോപ്പ്, സെമിനാർ ഹാൾ, സ്റ്റാഫ് റൂം, ഡ്രോയിംഗ് ഹാൾ, പ്ലേയ്‌സ്‌മെന്റ് സെൽ റൂം, കാന്റീൻ എന്നിവയടക്കം 24,000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് പുതിയ കെട്ടിടം. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവർക്കുള്ള മുറികളും കെട്ടിടത്തിലുണ്ട്. എല്ലാ നിലയിലും ശുചിമുറികളുമുണ്ട്. കെട്ടിടത്തിലേക്ക് ആവശ്യമായ ജലലഭ്യതയ്ക്കായി മഴ വെള്ളസംഭരണ ടാങ്കും നിര്‍മ്മിച്ചിട്ടുണ്ട്. മികച്ച രീതിയിലുള്ള അഗ്‌നിരക്ഷാ സംവിധാനങ്ങളും 320 കിലോവാട്ട് ജനറേറ്റർ സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.

നൈപുണ്യ പരിശീലനം ലക്ഷ്യമിട്ട് 1963ൽ 14 ട്രേഡുകളിലായി 216 ട്രെയിനികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച കോട്ടയം ജില്ലയിലെ ആദ്യ ഐ.ടി.ഐ വളർന്ന് പന്തലിച്ച് ഇന്ന് 20 ട്രേഡുകളിലായി ആയിരത്തിമുന്നൂറോളം വിദഗ്ദ്ധ തൊഴിലാളികളെ വാർത്തെടുക്കുന്ന ഐ.എസ്.ഒ സർട്ടിഫൈഡ് സ്ഥാപനമായി മാറിയിരിക്കുകയാണ്. ഏറ്റുമാനൂർ ടൗണിൽ നിന്നു രണ്ടു കിലോമീറ്ററിനുള്ളിൽ റെയിൽവേ സ്‌റ്റേഷനോട് ചേർന്നു സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം സംസ്ഥാനത്തെ മുൻനിര ഐ.ടി.ഐകളിൽ ഒന്നായി മാറിയിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*