ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം ഉപദേശകസമിതി പിരിച്ചുവിട്ട് ഹൈക്കോടതി ഉത്തരവായി. ക്ഷേത്രത്തിന്റെ മാസ്റ്റർ പ്ലാൻ നിർവഹണ കമ്മിറ്റി അംഗങ്ങളായും ഇവർക്കു തുടരാനാകില്ല. ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്. ഒരു ഭക്തൻ അയച്ച പരാതിയിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജി പരിഗണിച്ചാണ് ഉത്തരവ്. പുതിയ ഉപദേശക സമിതിയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള നടപടികൾ 2 മാസത്തിനുള്ളിൽ പൂർത്തിയാക്കാനും കോടതി നിർദേശിച്ചു.
കഴിഞ്ഞ 10 വർഷമായി ഉപദേശകസമിതി വികസന പ്രവർത്തനങ്ങൾ ഒന്നും നടത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പിരിച്ചുവിട്ട ഉപദേശകസമിതി ഡിസംബർ 20ന് മുൻപ് തിരുവിതാംകൂർ ദേവസ്വം ബോർഡിനു പ്രവർത്തന റിപ്പോർട്ട് കൈമാറണമെന്നും 2 മാസത്തിനുള്ളിൽ കമ്മിറ്റി അംഗങ്ങൾക്കെല്ലാം നോട്ടിസ് നൽകി ഓഡിറ്റിങ് പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.
മാസ്റ്റർ പ്ലാനിന്റെ ഭാഗമായി നടപ്പാക്കിയ വിവിധ വികസന പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതി അന്വേഷിച്ച് ദേവസ്വം ഓംബുഡ്സ്മാൻ മാർച്ച് 14ന് മുൻപു ഹൈക്കോടതിക്കു റിപ്പോർട്ടു നൽകണമെന്ന് ഉത്തരവിട്ടു.
ക്ഷേത്രം ഉപദേശക സമിതിക്കു പുറമേ മാസ്റ്റർ പ്ലാൻ കമ്മിറ്റിയും വേണമോയെന്ന് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തീരുമാനിക്കുക. തിരുവിതാംകൂർ ദേവസ്വത്തിനു വേണ്ടി അഡ്വ. ജി. ബിജു കോടതിയിൽ ഹാജരായി.
Be the first to comment