സുരക്ഷിതമല്ലാതെ ഉപഭോക്താക്കളുടെ പാസ്‍വേഡുകൾ സൂക്ഷിച്ചതിന് മെറ്റയ്ക്ക് 9.1 കോടി യൂറോ പിഴയിട്ട് യൂറോപ്യൻ യൂണിയൻ. സ്വകാര്യത ലംഘിച്ചതിനാണ് പിഴ ഈടാക്കിയത്. എൻക്രിപ്ഷൻ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളില്ലാതെ ഉപഭോക്താക്കളുടെ പാസ്‍വേഡുകൾ സൂക്ഷിച്ചു എന്നതാണ് മെറ്റയ്‌ക്കെതിരെയുള്ള ആരോപണം.
എൻക്രിപ്റ്റഡ് അല്ലാത്ത അവസ്ഥയിൽ ‘പ്ലെയിൻടെക്സ്റ്റ്’ രൂപത്തിൽ ചിലരുടെ പാസ്‍വേഡുകൾ തങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് അയർലന്‍ഡിന്റെ ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷന് (ഡിപിസി) മുന്നിൽ നൽകിയ വിവരങ്ങളിലാണ് കമ്പനി അംഗീകരിച്ചത്. എന്നാൽ ഈ പാസ്‍വേഡുകൾ തങ്ങൾ പുറത്തുള്ളവർക്ക് നൽകിയിട്ടില്ല എന്നാണ് മെറ്റയുടെ വിശദീകരണം.
ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ ഉപഭോക്താക്കളുടെ പാസ്‍വേഡുകൾ പ്ലെയിൻടെക്സ്റ്റ് രൂപത്തിൽ സൂക്ഷിക്കാൻ പാടില്ല എന്നത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള കീഴ്വഴക്കമാണെന്നാണ് ഐറിഷ് ഡിപിസി ഡെപ്യുട്ടി കമ്മിഷണർ ഗ്രഹാം ഡോയൽ അഭിപ്രായപ്പെട്ടത്.
എന്നാൽ 2019ൽ നടത്തിയ സുരക്ഷാ പരിശോധനയിൽ ഈ വീഴ്ചകൾ മനസിലാക്കി ആവശ്യമായ നടപടികൾ കമ്പനി സ്വീകരിച്ചു വരികയായിരുന്നെന്നാണ് മെറ്റ വക്താവ് അറിയിച്ചത്. പാസ്‍വേഡ് ദുരുപയോഗം ചെയ്യപ്പെട്ടതിന് യാതൊരു തെളിവുകളുമില്ലെന്നും മെറ്റ വക്താവ് വെള്ളിയാഴ്ച വിശദീകരിച്ചിരുന്നു.
ഇന്റർനെറ്റിൽ സ്വകാര്യത ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്ന യുറോപ്യൻ യൂണിയൻ ഏജൻസിയാണ് അയർലന്‍ഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡിപിസി. ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷനിൽ വരുത്തിയ നിരവധിവീഴ്ചകളിൽ മെറ്റയ്ക്ക് ആകെ 250 കോടി യൂറോയാണ് ഡിപിസി പിഴയായി ഈടാക്കിയത്. ഇത് 2023ൽ ചുമത്തിയ 120 കോടി യൂറോയും ഉൾപ്പെടുന്ന കണക്കാണ്.
Be the first to comment