സംസ്ഥാനത്ത് കനത്തമഴ തുടരുമ്പോഴും പ്രധാന അണക്കെട്ടുകളില്‍ വെള്ളത്തിന്റെ അളവ് സംഭരണശേഷിയുടെ 40 ശതമാനത്തില്‍ താഴെ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുമ്പോഴും പ്രധാന അണക്കെട്ടുകളില്‍ വെള്ളത്തിന്റെ അളവ് സംഭരണശേഷിയുടെ 40 ശതമാനത്തില്‍ താഴെ മാത്രം. ഇടുക്കി അണക്കെട്ട്, പത്തനംതിട്ടയിലെ കക്കി, പമ്പ, എറണാകുളം ജില്ലയിലെ ഇടമലയാര്‍, വയനാട്ടിലെ ബാണാസുരസാഗര്‍, തൃശൂരിലെ ഷോളയാര്‍ എന്നിവയാണ് കെഎസ്ഇബിയുടെ കീഴിലുള്ള പ്രധാനപ്പെട്ട അണക്കെട്ടുകള്‍.

ഇതില്‍ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ സംഭരണശേഷിയുടെ 33.78 ശതമാനം മാത്രമാണ് വെള്ളമെന്ന് കെഎസ്ഇബിയുടെ കണക്ക് വ്യക്തമാക്കുന്നു. കക്കി (26 ശതമാനം) പമ്പ (26.26 ശതമാനം) ഇടമലയാര്‍ (28.81 ശതമാനം), ഷോളയാര്‍ ( 12.44 ശതമാനം), ബാണാസുരസാഗര്‍ (16.49 ശതമാനം) എന്നിങ്ങനെയാണ് മറ്റു പ്രധാനപ്പെട്ട ഡാമുകളിലെ ജലത്തിന്റെ അളവ്. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് മൂഴിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത് ഡാമുകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കല്ലാര്‍കുട്ടിയില്‍ സംഭരണ ശേഷിയുടെ 95.74 ശതമാനം വെള്ളം ഉണ്ട്. ലോവര്‍ പെരിയാറില്‍ ഇത് 100 ശതമാനം വരും. പെരിങ്ങല്‍കുത്തിലും മൂഴിയാറിലും യഥാക്രമം 85.41 ശതമാനം, 53.71 ശതമാനം എന്നിങ്ങനെയാണ് ജലത്തിന്റെ അളവ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ എന്നിവയ്ക്ക് പുറമേ രണ്ടാം ഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന പെരിങ്ങല്‍കുത്ത്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള മൂഴിയാര്‍ എന്നിവയില്‍ നിന്നും സുരക്ഷയുടെ ഭാഗമായി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നുണ്ട്. വെള്ളം ഒഴുകിയെത്തുന്ന പുഴകളുടെ തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാട്ടുപ്പെട്ടിയിലും കുറ്റ്യാടിയിലും 50 ശതമാനത്തിന് മുകളില്‍ വെള്ളം ഉണ്ടെങ്കിലും ഇതുവരെ വെള്ളം പുറത്തേയ്ക്ക് ഒഴുക്കി തുടങ്ങിയിട്ടില്ല. ഈ ഡാമുകളില്‍ വെള്ളത്തിന്റെ അളവ് സുരക്ഷിത പരിധിയിലായത് കൊണ്ടാണ് ഡാം തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാത്തത്.

ജലസേചന വകുപ്പിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ നെയ്യാര്‍, മംഗലം, മലങ്കര അണക്കെട്ടുകളില്‍ മാത്രമാണ് 50 ശതമാനത്തിന് മുകളില്‍ വെള്ളം ഉള്ളത്. നെയ്യാറില്‍ സംഭരണശേഷിയുടെ 83 ശതമാനം വെള്ളം ഉണ്ട്. മംഗലം ഡാമില്‍ ഇത് 75 ശതമാനം ആണ്. മലങ്കര ഡാമില്‍ 76 ശതമാനം വരും. മംഗലം ഒഴികെയുള്ള ഈ ഡാമുകളില്‍ നിന്ന് നേരിയ തോതില്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*