കുട്ടികള്‍ക്ക് പോലും തെറ്റായ സന്ദേശം നല്‍കുന്നു; സീരിയലുകള്‍ക്ക് സെന്‍സറിങ് അനിവാര്യം; വനിതാ കമ്മീഷന്‍

തിരുവനന്തപുരം: സീരിയല്‍ രംഗത്ത് സെന്‍സറിങ് അനിവാര്യമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. സീരിയലുകളെ സംബന്ധിച്ച് ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട ഒട്ടേറെ വിഷയങ്ങളുണ്ടെന്നും സമൂഹത്തില്‍ നല്ല സന്ദേശങ്ങളെത്തിക്കാന്‍ സീരിയലുകള്‍ എത്രത്തോളം ഉതകുന്നുണ്ടെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് പി സതീദേവി പറഞ്ഞു. മെഗാ സീരിയല്‍ നിരോധിക്കണമെന്ന വനിതാ കമ്മീഷന്റ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ല. 2017 -18 കാലത്താണ് അത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്. സീരിയലുകളിലെ സ്ത്രീള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് വനിതാ കമ്മീഷന് നിരവധി പരാതികള്‍ ലഭിച്ചതായും സതീദേവി പറഞ്ഞു.

വര്‍ഷം തോറും മൂന്ന് പ്രധാനറിപ്പോര്‍ട്ടുകള്‍ വനിത കമ്മീഷന്‍ സര്‍ക്കാരിന് നല്‍കാറുണ്ട്. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് താന്‍ അധ്യക്ഷയായ കാലത്തുളളതല്ല. അത് പരിശോധിച്ച ശേഷം അക്കാര്യത്തില്‍ കുടുതല്‍ പ്രതികരിക്കാമെന്ന് സതീദേവി പറഞ്ഞു. സീരിയലുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന നടിമാര്‍ ഉള്‍പ്പടെ നിരവധി പേരുടെ പരാതികള്‍ വനിത കമ്മീഷന് മുന്‍പില്‍ വന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഒരു പബ്ലിക് ഹിയറിങ് വനിത കമ്മീഷന്‍ നടത്തിയിരുന്നു. തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍മേഖലയിലെ സുരക്ഷിതത്വം, സേവന വേതനവ്യവസ്ഥകള്‍ എല്ലാം അവിടെ ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൊടുത്തതായും സതീദേവി പറഞ്ഞു.

ചില സീരിയലുകള്‍ സമൂഹത്തില്‍ നല്ല സന്ദേശങ്ങളല്ല നല്‍കുന്നത്. കുട്ടികളില്‍ അടക്കം തെറ്റായ സന്ദേശം കൊടുക്കാന്‍ ഇടവരുത്തുന്ന ദൃശ്യങ്ങളും കഥാപാത്രങ്ങളും കാണുന്നത്. അതുകൊണ്ടുതന്നെ സീരിയലുകള്‍ക്ക് സെന്‍സറിങ് അനിവാര്യമാണ്. അത് സമൂഹത്തിന് നല്ല സന്ദേശം നല്‍കും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വലിയ തോതില്‍ ചിത്രീകരിക്കുന്ന അവസ്ഥ സമൂഹത്തിന് ഗുണകരമാണോ എന്നതും പരിശോധിക്കണമെന്ന് സതീദേവി പറഞ്ഞു.

മലയാള ടെലിവിഷന്‍ സീരിയല്‍ കഥകള്‍, എപ്പിസോഡുകള്‍ എന്നിവ സംപ്രേഷണം ചെയ്യും മുന്‍പ് സെന്‍സര്‍ബോര്‍ഡിന്റെ പരിശോധന ആവശ്യമാണെന്നായിരുന്നു വനിതാ കമ്മിഷന്‍ 2017-18 ല്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട്. മെഗാപരമ്പരകള്‍ നിരോധിച്ച്, എപ്പിസോഡുകള്‍ 20 മുതല്‍ 30 വരെയായി കുറയ്ക്കണമെന്നും ഒരുദിവസം ഒരു ചാനലില്‍ രണ്ടുസീരിയല്‍ മതിയെന്നും പുനഃസംപ്രേഷണം അനുവദിക്കരുതെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു

സീരിയലുകളുടെ സെന്‍സറിങ് നിലവിലെ സിനിമാ സെന്‍സര്‍ ബോര്‍ഡിനെ ഏല്‍പ്പിക്കുകയോ പ്രത്യേകബോര്‍ഡ് രൂപവത്കരിക്കുകയോ വേണമെന്നും വനിതാകമ്മിഷന്റെ പഠനറിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ 13-19 പ്രായക്കാരായ 400 പേരുടെ അഭിപ്രായങ്ങള്‍ വിലയിരുത്തിയാണ് കമ്മിഷന്‍ ഇതേക്കുറിച്ച് പഠിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*