ഒക്ടോബര്‍ മാസം തുടങ്ങിയതുമുതല്‍ ദിനംപ്രതി റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറി സ്വര്‍ണവില. ഇന്നും സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡ് നിരക്കിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഇന്ന് പവന് 80 രൂപയാണ് സ്വര്‍ണത്തിന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 56,880 രൂപയായി.
ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7120 രൂപയിലുമെത്തി.അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചത് മുതല്‍ കുതിപ്പിലാണ് സ്വര്‍ണ വില. ഉന്തിനൊപ്പം ഒരു തള്ള് എന്നതുപോലെ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ കൂടിയായപ്പോള്‍ വില പിടിച്ചാല്‍ കിട്ടാത്ത ഉയരങ്ങളിലേക്ക് പോവുകയാണ്. മാസത്തുടക്കം മുതല്‍ ഒരു പവന്റെ വിലയിലുണ്ടായത് 560 രൂപയുടെവര്‍ധനയാണ്.
യുദ്ധഭീതിയും ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതും നവംബറില്‍ അമേരിക്ക വീണ്ടും പലിശ കുറച്ചേക്കുമെന്ന സൂചനകളുമാണ് സ്വര്‍ണവിലക്കുതിപ്പിന് കാരണം. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
Be the first to comment