മലപ്പുറം: നിപ ബാധിതനായ കുട്ടിക്ക് രാവിലെ 10. 50 ഓടെ ഹൃദയാഘാതമുണ്ടായി. 11.20 ഓടെയാണ് മരണം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുട്ടി വെന്റിലേറ്ററിലായിരുന്നു. അബോധാവസ്ഥയിലായിരുന്നു. രാവിലെയോടെ യൂറിന്‍ ഔട്ട്പുട്ടും കുറഞ്ഞു. 10.50 മാസീവ് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായിയെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമം നടത്തി. പക്ഷെ ഫലമുണ്ടായില്ല. കുട്ടിയുടെ സംസ്‌കാരത്തിന് രാജ്യാന്തര തലത്തിലുള്ള പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പാലിക്കും. കുട്ടിയെ കോഴിക്കോട് തന്നെ സംസ്‌കരിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ജില്ലാ കലക്ടര്‍ കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
സംസ്‌കാരം എന്തായാലും ശാസ്ത്രീയ പ്രോട്ടോക്കോള്‍ അനുസരിച്ചു തന്നെയാകും നടത്തുക. കുട്ടിയുടെ അച്ഛനും അച്ഛന്റെ സഹോദരനും ഉള്‍പ്പെടെയുള്ളവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്. കോഴിക്കോട് മൂന്നു പേര്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ ഹൈ റിസ്‌ക് കാറ്റഗറിയിലുള്ള നാലുപേരെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. അതില്‍ ഒരാള്‍ക്ക് ഐസിയു സപ്പോര്‍ട്ട് വേണ്ട സാഹചര്യമുണ്ട്.
കേരളം ആവശ്യപ്പെട്ടതു പ്രകാരം ഓസ്‌ട്രേലിയയില്‍ നിന്നും മരുന്ന് എത്തിച്ചിരുന്നു. കേരളം രേഖാമൂലം ആവശ്യപ്പെട്ടതു പ്രകാരമാണ് മരുന്ന് എത്തിച്ചത്. ഐസിഎംആര്‍ ആണ് സൂക്ഷിച്ചത്. പ്രോട്ടോക്കോള്‍ പ്രകാരം അഞ്ചു ദിവസത്തിനകം മോണോക്ലോണല്‍ ആന്റിബോഡി കൊടുക്കണം. എന്നാല്‍ ഏതുവിധേനയും കുട്ടിയെ രക്ഷിക്കണം എന്നതിന്റെ അടിസ്ഥാനത്തിലാണ്, വൈറസ് ബാധയുണ്ടായി പത്തു ദിവസത്തിനു ശേഷവും ആന്റിബോഡി കൊടുക്കാന്‍ തീരുമാനിച്ചത്. അഞ്ചുദിവസത്തിന് ശേഷം കൊടുത്താല്‍ ഫലിക്കാന്‍ സാധ്യത കുറവാണെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചെങ്കിലും, അതല്ലാതെ നമുക്ക് മുന്നില്‍ മറ്റൊരു ഓപ്ഷന്‍ ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
Be the first to comment